സോൾ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിന്റെ പേരിൽ അഞ്ച് ഉന്നത ഉദ്യോഗസ്ഥർക്ക് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ വധശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. ഉത്തരകൊറിയയുടെ യു.എസിലെ പ്രത്യേക നയതന്ത്ര പ്രതിനിധി കിം ഹ്യോക് ചോൾ ഉൾപ്പെടെയുള്ളവരെയാണ് വധിച്ചത്. ദക്ഷിണ കൊറിയൻ മാദ്ധ്യമമായ ചോസുൻ ലിബോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഹാനോയ് ഉച്ചകോടിക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തി, കിം ജോംഗിനൊപ്പം സ്വകാര്യ ട്രെയിനിൽ സഞ്ചരിച്ച വ്യക്തിയാണ് കിം ഹ്യോക്. നേതാവിനെ വഞ്ചിച്ചതിന്റെ പേരിലാണ് കിമ്മിന്റെ ഫയറിംഗ് സ്ക്വാഡ് ശിക്ഷ നടപ്പാക്കിയതെന്നും ലിബോ റിപ്പോർട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ മിറിം വിമാനത്താവളത്തിൽ വച്ചാണ് കിം ഹ്യോക് ചോലിനെയും വിദേശകാര്യ മന്ത്രാലയത്തിലെ നാല് വിദേശകാര്യ ഉദ്യോഗസ്ഥരെയും വധിച്ചതെന്നാണ് റിപ്പോർട്ടുകൾ. മറ്റു നാല് ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഫെബ്രുവരിയിൽ നടന്ന ഹാനോയ് ഉച്ചകോടിയിൽ ഉത്തരകൊറിയയെ പ്രതിനിധീകരിച്ച് യു.എസ് പ്രതിനിധി സ്റ്റീഫൻ ബീഗനൊപ്പമാണ് കിം ഹ്യോക് പങ്കെടുത്തത്. കിം ജോംഗ് ഉന്നുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഉദ്യോഗസ്ഥൻ കൂടിയായിരുന്നു ചോൾ. അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ ദക്ഷിണ കൊറിയയിലെ ഐക്യ മന്ത്രാലയം തയാറായിട്ടില്ല. മാത്രമല്ല, മുതിർന്ന ഉദ്യോഗസ്ഥനായ കിം യോംഗ് ചോളിനെയും ശിക്ഷയുടെ ഭാഗമായി ലേബർ ക്യാമ്പിലേക്ക് അയച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. തീരുമാനമൊന്നുമാകാതെയാണു വിയറ്റ്നാമിൽ നടന്ന ഉച്ചകോടിയിൽ കിമ്മും ട്രംപും പിരിഞ്ഞത്. ഉച്ചകോടിക്കുശേഷം മേയിൽ ഉത്തരകൊറിയ രണ്ട് ഹ്രസ്വദൂര മിസൈൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു.
ദ്വിഭാഷിക്ക് പറ്റിയത്
ട്രംപ്- കിം ഉച്ചകോടിക്കിടെ പരിഭാഷയിൽ തെറ്റു സംഭവിച്ചതിന്റെ പേരിൽ കിമ്മിന്റെ വനിതാ ദ്വിഭാഷി ഷിൻ ഹെ യോംഗിനെയും കിം ജയിലിലടച്ചതായി വിവരമുണ്ട്. കരാറിനില്ലെന്നു യു.എസ് പ്രസിഡന്റ് അറിയിച്ചപ്പോൾ കിമ്മിന്റെ പുതിയ നിർദേശം പരിഭാഷപ്പെടുത്താൻ യോംഗിന് സാധിച്ചില്ലെന്നതാണു കുറ്റം.