renji-panicker

രാജ്യാന്തര പുരസ്‌കാരം നേടി നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ. ജയരാജ് സംവിധാനം ചെയ്ത 'ഭയാനകം' എന്ന ചിത്രത്തിലൂടെയാണ് മാഡ്രിഡ് ഇമാജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്ക്കാരം രഞ്ജി പണിക്കർ നേടുന്നത്. ചിത്രത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌ക്കാരവും സ്വന്തമാക്കാനായി. മികച്ച അവലംബിത തിരക്കഥാ വിഭാഗത്തിലാണ് രണ്ടാമത്തെ പുരസ്ക്കാരം. ജയരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

തകഴിയുടെ 'കയർ' എന്ന നോവലിലെ ഒരു ഭാഗം എടുത്തുകൊണ്ടാണ് ജയരാജ് 'ഭയാനകം' എന്ന ചലച്ചിത്രമായി പരിഭാഷപ്പെടുത്തുന്നത്. രണ്ടാം ലോക മഹായുദ്ധം കുട്ടനാടിനെ എങ്ങനെ ബാധിച്ചു എന്നാണ് ചിത്രം ചർച്ച ചെയ്യുന്നത്. യുദ്ധത്തിൽ പങ്കെടുത്ത കാൽ നഷ്ടപെട്ട ഒരു പട്ടാളക്കാരൻ തിരിച്ച് തന്റെ നാടായ കുട്ടനാട്ടിലേക്ക് എത്തുന്നതും തുടർന്നും യുദ്ധത്തിന്റെ ഭീതിയിൽ അയാൾ ജീവിതം തള്ളി നീക്കുന്നതുമാണ് 'ഭയാനകത്തി'ന്റെ പ്രമേയം.

ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ച നിഖിൽ എസ്. പ്രവീണിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഇതിന് മുൻപ് 'ഒറ്റാൽ' എന്ന ചിത്രത്തിന് ജയരാജും ബർലിൻ ഫിലി ഫെസ്റ്റിവലിൽ അംഗീകാരം നേടിയിരുന്നു. നവരസങ്ങളെ ആധാരമാക്കിയുള്ള ജയരാജിന്റെ സിനിമാ പ്രോജക്ടിലെ ആറാമത്തെ ചിത്രമാണ് 'ഭയാനകം'