നിർമ്മയ്ക്ക് മുന്നിൽ വെല്ലുവിളികൾ ധാരാളം
കൊച്ചി: അപ്രതീക്ഷിത നേട്ടങ്ങളുടെ പരമ്പരയാണ് നിർമ്മ സീതാരാമന്റെ രാഷ്‌ട്രീയ ജീവിതം. 2003-05ൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സുഷമ സ്വരാജിനെ പരിചയപ്പെട്ടതാണ് നിർമ്മലയുടെ ജീവിതത്തിലെ വഴിത്തിരിവ്. വാജ്‌പേയി സർക്കാരിന്റെ കാലത്ത് 2003-05ൽ നിർമ്മ ദേശീയ വനിതാ കമ്മിഷൻ അംഗമായി. 2006ൽ, അവർ ബി.ജെ.പിയിൽ ചേർന്നു. ദേശീയ നിർവാഹക സമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ട നിർമ്മല, പാർട്ടിയുടെ ദേശീയ വക്‌താവുമായി.
ചുമതലകളെല്ലാം ഭംഗിയായി നിർവഹിച്ചതോടെ, 2014ൽ മോദി സർക്കാരിലെ വാണിജ്യമന്ത്രിസ്ഥാനം നിർമ്മലയ്ക്ക് ലഭിച്ചു. 2017 സെപ്‌തംബറിൽ ഇന്ത്യയുടെ ആദ്യ മുഴുവൻസമയ വനിതാ പ്രതിരോധമന്ത്രി സ്ഥാനവും നിർമ്മലയെ തേടിയെത്തി. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്‌താനിലെ ബാലക്കോട്ടിൽ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് മേൽനോട്ടം വഹിച്ചത് നിർമ്മ സീതാരാമനാണ്. റാഫാൽ വിവാദമുണ്ടായപ്പോൾ സർക്കാരിനെ പ്രതിരോധിച്ച് പാർലമെന്റിൽ തിളങ്ങിയതും നിർമ്മലയാണ്. 2016 മുതൽ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ് നിർമ്മല.
രണ്ടാം മോദി സർക്കാരിൽ ധനമന്ത്രി പദം അലങ്കരിക്കുമ്പോൾ, ഇന്ത്യയുടെ രണ്ടാമത്തെ വനിതാ ധനമന്ത്രിയെന്ന പട്ടവും നിർമ്മലയ്ക്ക് സ്വന്തമാകുകയാണ്. 1970-71ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ധനമന്ത്രിസ്ഥാനം വഹിച്ചിരുന്നു. പ്രതിരോധ രംഗത്തേക്കാൾ കടുത്ത വെല്ലുവിളികളാണ് ധനമന്ത്രിയായി, പാർലമെന്റിന്റെ നോർത്ത് ബ്ളോക്കിലേക്ക് എത്തുമ്പോൾ നിർമ്മലയെ കാത്തിരിക്കുന്നത്. പുതിയ സർക്കാരിന്റെ ബഡ്‌ജറ്റ് അവതരണം തന്നെയാണ് അതിൽ ഏറ്റവും പ്രധാനം.
പ്രധാന വെല്ലുവിളികൾ
കേന്ദ്ര ധനബഡ്‌ജറ്റ്
ജി.എസ്.ടി ലളിതമാക്കണം, നികുതി വരുമാനം ഉയർത്തണം
സാമ്പത്തിക ഉണർവ് ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന 100 ദിന കർമ്മപരിപാടികൾക്ക് നേതൃത്വം കൊടുക്കണം
ധനക്കമ്മി ജി.ഡി.പിയുടെ 3.4 ശതമാനത്തിന് താഴെ നിയന്ത്രിക്കണം
കയറ്റുമതി മേഖലയ്ക്ക് ഊർജം പകരണം
തളരുന്ന ജി.ഡി.പിയ്ക്ക് ഉണർവേകണം
കർഷക വരുമാനം വർദ്ധിപ്പിക്കണം
തൊഴിലില്ലായ്‌മ നിരക്ക് കുറയ്ക്കണം
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‌പനയും പൊതുമേഖലാ ബാങ്കുകളുടെ ലയനവും വേഗത്തിലാക്കണം
നിർമ്മല സീതാരാമൻ (60)
ജനനം തമിഴ്‌നാട്ടിലെ മധുരയിൽ1959 ആഗസ്‌റ്ര് 18ന്. തിരുച്ചിറപ്പള്ളി സീതാലക്ഷ്‌മി രാമസ്വാമി കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം ഡൽഹി ജെ.എൻ.യുവിൽ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവും എം.എഫിലും സ്വന്തമാക്കി. 1986ൽ ജെ.എൻ.യുവിലെ സഹപാഠിയായിരുന്ന പാറക്കാല പ്രഭാകറുമായി വിവാഹം. തുടർന്ന് ലണ്ടനിൽ താമസം. അവിടെ പ്രൈസ്‌വാട്ടർ കൂപ്പേഴ്‌സിലും ബി.ബി.സി വേൾഡിലും ജോലി ചെയ്‌തു. 1991ൽ ഇന്ത്യയിൽ തിരിച്ചെത്തി. 2006ൽ ബി.ജെ.പി അംഗത്വം. ഒന്നാംമോദി സർക്കാരിൽ വാണിജ്യ, വ്യവസായ, പ്രതിരോധ മന്ത്രിസ്ഥാനങ്ങൾ വഹിച്ചു. രണ്ടാംമോദി സർക്കാരിൽ ധനമന്ത്രി.
നിർമ്മലയുടെ നേട്ടം
ഇന്ത്യയുടെ ആദ്യ മുഴുവൻ സമയ വനിതാ പ്രതിരോധ മന്ത്രി.
ഇന്ത്യയുടെ ആദ്യ മുഴുവൻ സമയ വനിതാ ധനമന്ത്രി (1970-71ൽ ഇന്ദിരാഗാന്ധി ധനമന്ത്രി സ്ഥാനം ഇടക്കാലത്തേക്ക് വഹിച്ചിരുന്നു)
പ്രതികരിക്കാതെ ഓഹരിലോകം
കേന്ദ്ര ധനമന്ത്രിയായി നിർമ്മല സീതാരാമൻ നിയമിക്കപ്പെട്ടതിനോട് ഓഹരി വിപണി പ്രതികരിച്ചതേയില്ല. ജി.ഡി.പി വളർച്ചാനിരക്ക് സംബന്ധിച്ച ആശങ്ക മാത്രമായിരുന്നു നിക്ഷേപകരുടെ മനസിൽ. ജി.ഡി.പി ഇടിയുമെന്ന സൂചന നിറഞ്ഞു നിന്നതോടെ ഇന്നലെ ഒരുവേള റെക്കാഡുയരമായ 40,122 വരെ മുന്നേറിയ സെൻസെക്‌സ് , വ്യാപാരാന്ത്യം 117 പോയിന്റ് നഷ്‌ടവുമായി 39,714ലാണുള്ളത്. ഒരുവേള 12,000 കടന്ന നിഫ്‌റ്റി 11 പോയിന്റിടിഞ്ഞ് 11,922ലും വ്യാപാരം അവസാനിപ്പിച്ചു.
കൂപ്പുകുത്തി ജി.ഡി.പി;
വളർച്ച 5.8% മാത്രം
അഞ്ചുവർഷത്തെ ഏറ്റവും മോശം വളർച്ച
ചൈനയ്ക്ക് പിന്നിലേക്ക് ഇന്ത്യയുടെ വീഴ്‌ച
കൊച്ചി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച 2018-19 വർഷത്തെ ജനുവരി-മാർച്ച് പാദത്തിൽ 5.8 ശതമാനത്തിലേക്ക് നിലംപൊത്തി. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ചയാണിത്. ഇതോടെ, ലോകത്തെ ഏറ്രവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനവും ഇന്ത്യയ്ക്ക് നഷ്‌ടമായി. ചൈന 6.4 ശതമാനം വളർന്നിരുന്നു. ഒക്‌ടോബർ-ഡിസംബറിൽ 6.6 ശതമാനവും 2017-18 ജനുവരി-മാർച്ചിൽ 7.7 ശതമാനവുമായിരുന്നു ഇന്ത്യയുടെ വളർച്ച.
6.8%
കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2018-19) ജി.ഡി.പി വളർച്ച 6.8 ശതമാനമാണ്. ഇതും അഞ്ചുവർഷത്തെ താഴ്‌ന്ന വളർച്ചയാണ്. 2017-18ൽ വളർച്ച 7.2 ശതമാനമായിരുന്നു.
തളർന്ന മേഖലകൾ
സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ മാനുഫാക്‌ചറിംഗ്, കാർഷികം എന്നിവയുടെ തളർച്ച ജനുവരി - മാർച്ചിൽ തിരിച്ചടിയായി. മാനുഫാക്‌ചറിംഗ് 9.5 ശതമാനത്തിൽ നിന്ന് 3.1 ശതമാനത്തിലേക്കും കാർഷികം 2.9 ശതമാനത്തിൽ നിന്ന് 0.1 ശതമാനത്തിലേക്കുമാണ് തളർന്നത്.
3.4%
ധനക്കമ്മി ലക്ഷ്യം കണ്ടതുമാത്രമാണ് കഴിഞ്ഞവർഷത്തെ കണക്കിൽ സർക്കാരിന് പറയാവുന്ന നേട്ടം. ജി.ഡി.പിയുടെ 3.4 ശതമാനത്തിൽ തന്നെ കമ്മി നിയന്ത്രിക്കാൻ കഴിഞ്ഞു. 6.45 ലക്ഷം കോടി രൂപയാണ് 2019 മാർച്ചുപ്രകാരം ധനക്കമ്മി.
ഒടുവിൽ സമ്മതിച്ചു;
തൊഴിലില്ലായ്‌മ നിരക്ക്
45 വർഷത്തെ ഉയരത്തിൽ
കഴിഞ്ഞവർഷം നരേന്ദ്രമോദി സർക്കാരിനെ വെട്ടിലാക്കി നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷനിൽ (എൻ.എസ്.എസ്.ഒ) നിന്ന് ചോർന്ന തൊഴിലില്ലായ്‌മക്കണക്ക് ഒടുവിൽ ശരിയാണെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചു. 2017-18ൽ 6.1 ശതമാനമാണ് തൊഴിലില്ലായ്‌മ നിരക്ക്. കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ തൊഴിൽ മന്ത്രാലയം ഈ കണക്കുകൾ ശരിവച്ചു.
മുരടിച്ച് മുഖ്യവ്യവസായം
ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചികയിൽ (ഐ.ഐ.പി) 41 ശതമാനം പങ്കുവഹിക്കുന്ന മുഖ്യവ്യവസായ മേഖലയുടെ വളർച്ച ഏപ്രിലിൽ 2.6 ശതമാനത്തിലേക്ക് ഇടിഞ്ഞു. 2018 ഏപ്രിലിൽ വളർച്ച 4.7 ശതമാനമായിരുന്നു. കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, സ്‌റ്റീൽ, സിമന്റ്, വൈദ്യുതി, വളം, റിഫൈനറി ഉത്‌പന്നങ്ങൾ എന്നിവയാണ് മുഖ്യവ്യവസായ രംഗത്തുള്ളത്.