news

1. നരേന്ദ്രമോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. അമിത് ഷാ ആഭ്യന്തര വകുപ്പ് മന്ത്രി. രാജ്നാഥ് സിംഗ് പ്രതിരോധവും നിര്‍മ്മലാ സീതാരാമന്‍ ധനകാര്യവും കൈകാര്യം ചെയ്യും. നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ആവും. മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ വിദേശകാര്യ മന്ത്രി. പിയൂഷ് ഗോയലിന് ഇക്കുറി റെയില്‍വേയ്ക്ക് പുറമെ വാണിജ്യ വകുപ്പിന്റെ ചുമതല കൂടി. സ്മൃതി ഇറാനിയ്ക്ക് വനിതാ ശിശുക്ഷേമ ടെക്‌സ്റ്റൈല്‍ വകുപ്പുകള്‍
2. സദാനന്ദ ഗൗഡയ്ക്ക് രാസവള വകുപ്പ്. രാം വിലാസ് പാസ്വാന്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ആവും. പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി, വനം, വാര്‍ത്താ വിനിമയ വകുപ്പുകള്‍ കൈകാര്യം ചെയ്യും. രമേശ് പൊക്രിയാല്‍ മാനവ വിഭവ ശേഷി മന്ത്രിയാവും. കേരളത്തില്‍ നിന്ന് മന്ത്രി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വി മുരളീധരന്‍ വിദേശകാര്യ പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രി ആവും. കിരണ്‍ റിജ്ജിജ്ജുവിന് കായിക മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല
3. മുക്താര്‍ അബബ്ബാസ് നഖ്വിയ്ക്ക് ന്യൂനപക്ഷ ക്ഷേമം. ഹര്‍ഷ വര്‍ധന്‍ സിംഗിന് ആരോഗ്യ വകുപ്പ്. രവിശങ്കര്‍ പ്രസാദിന് നിയമം, ഐ.ടി വകുപ്പുകള്‍. അരവിന്ദ് ഗണ്‍പത് സാവന്തിന് വന്‍കിട വ്യവസായം. ഗിരിരാജ് സിംഗ് ഫിഷറീസ് മന്ത്രി ആവും. പ്രഹ്ലാദ് ജോഷി പാര്‍ലമെന്ററി കാര്യം. തവര്‍ചന്ദ് ഗെഹ്‌ലോട്ടിന് സാമൂഹ്യ നീതി വകുപ്പ് ലഭിച്ചു.
4. 58 അംഗ മന്ത്രിസഭയില്‍ കാബിനറ്റ് പദവി ഉള്ളത് 25 മന്ത്രിമാര്‍ക്ക്. 24 സഹമന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 പേരും കേന്ദ്ര മന്ത്രിസഭയില്‍ ഉണ്ട്. അതിനിടെ, മോദി സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടി ഉടന്‍ പ്രഖ്യാപിക്കും. എയര്‍ ഇന്ത്യ അടക്കം 42 പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വത്കരിക്കും. തൊഴിയില്‍ നിയമങ്ങള്‍ ഉദാരമാക്കും. വ്യവസായ വികസനത്തിന് സ്ഥലമേറ്റെടുത്ത് ഭൂബാങ്ക് സജ്ജമാക്കും തുടങ്ങിയ കര്‍മ്മ പദ്ധതികള്‍ക്കാവും രൂപം നല്‍കുക


5. കേരളത്തില്‍ നിന്നുള്ള മന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇതിന് സംസ്ഥാന സര്‍ക്കാറുമായി സഹകരിക്കാന്‍ തയ്യാറാണ്. കേരളത്തില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്തും എന്നും സംസ്ഥാനത്ത് സംഘടനയ്ക്ക് അകത്ത് പ്രശ്നങ്ങള്‍ ഇല്ലെന്നും മുരളീധരന്‍. പ്രതികരണം, രണ്ടാം നരേന്ദ്രമോദി സര്‍ക്കാറില്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം.
6. കേരളത്തില്‍ നിന്നുള്ള ആളെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ തയ്യാര്‍ ആണ്. സംഘടനയ്ക്ക് അകത്ത് ആരെയെങ്കിലും ഒഴിവാക്കി എന്ന പ്രചാരണം അനാവശ്യവും അനവസരത്തില്‍ ഉള്ളത്. വിഭജന രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ബി.ജെ.പിയെന്ന പ്രചാരണം തെറ്റിദ്ധാരണാ ജനകം. ശബരിമല വിഷയത്തിലും മുരളീധരന്‍ നിലപാട് വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ഒരു തരത്തിലുമുള്ള മലക്കം മറിച്ചിലും ബി.ജെ.പി നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി
7. ഹയര്‍സെക്കന്ററി ഹൈസ്‌കൂള്‍ ലയനം നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് എതിരെ പ്രതിപക്ഷം. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ക്കും എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണം എന്നും അദ്ധ്യാപക സംഘടനകളുടെ പ്രതിഷേധത്തിന് പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു
8. വയനാട്ടിലെ പനമരം പഞ്ചായത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി കത്ത് നല്‍കി. മരിച്ച ദിനേഷ് കുമാറിന്റെ ഭാര്യ സുജാതയുമായി താന്‍ ഫോണില്‍ സംസാരിച്ചു എന്നും വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തത് മൂലം ഉണ്ടായ സമ്മര്‍ദ്ദവും വിഷമവും അതിജീവിക്കാന്‍ കഴിയാതെ ആണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് എന്നും അവര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണം എന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു
9. ഭരണഘടനയുടെ 14,15,44 വകുപ്പുകള്‍ ഉള്‍ക്കൊണ്ട് ഏക സിവില്‍ കോഡിനായി കരട് തയ്യാറാക്കണം എന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ ആണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിഷയത്തില്‍ നിയമ കമ്മിഷനും നോട്ടീസ് അയച്ചിട്ടുണ്ട്.
10. ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ തലവനായി വൈസ് അഡ്മിറല്‍ കരംബീര്‍ സിംഗ് ചുമതലയേറ്റു. അഡ്മിറല്‍ സുനില്‍ ലാംബ വിരമിച്ചതോടെ ആണ് കിഴക്കന്‍ നാവിക കമാന്റിന്റെ ഫ്ളാഗ് ഓഫീസര്‍ കമാന്റിംഗ് ചീഫ് ആയിരുന്ന കരംബീര്‍ പദവിയില്‍ എത്തുന്നത്
11. പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദി ലണ്ടനിലെ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷയില്‍ ജൂണ്‍ 11ന് വാദം കേള്‍ക്കുമെന്ന് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് അറിയിച്ചു. 48 കാരനായ നീരവ് മോദി വാന്‍ഡഡ് വര്‍ത്ത് ജയിലിലാണ് കഴിയുന്നത്
12. തപ്സി, പന്നു, ഋഷി കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ മുല്‍ക്കിന് ശേഷം അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 15ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മുല്‍ക്കില്‍ ഇസ്‌ലോമോഫിയ ആയിരുന്നു പ്രമേയം എങ്കില്‍ ഇന്ത്യയിലെ ജാതീയത ആണ് പുതിയ ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നത്. 2014-ല്‍ ഉത്തര്‍പ്രദേശിലെ ബദൗനില്‍ രണ്ട് ദളിത് സ്ത്രീകളെ കൂട്ടമാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവമാണ് ചിത്രം പറയുന്നത്
13. സ്വര്‍ണ്ണവില കൂടി. പവന് 200 രൂപയുടെ വര്‍ധനവ് ആണ് ഉണ്ടായത്. ആറ് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ മാറ്റം ഉണ്ടാകുന്നത്. 23,920 രൂപയാണ് പവന്റെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,990 രൂപയില്‍ ആണ് വ്യാപാരം പുരോഗമിക്കുന്നത്