ramesh-pokhriyal-nishank

ന്യൂഡൽഹി: ബി.ജെ.പി നേതാവും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ രമേഷ് പൊഖ്രിയാൽ നിഷാങ്ക് ആണ് മോദി മന്ത്രിസഭയിലെ മാനവവിഭവശേഷി മന്ത്രി. അദ്ദേഹത്തിന്റെ വിചിത്ര വാദങ്ങൾ നേരത്തെതന്നെ രാജ്യത്ത് ചർച്ചയായിട്ടുള്ളതാണ്. ആധുനിക ശാസ്ത്രം ജ്യോതിഷത്തിന് മുന്നിൽ ചെറുതാണെന്നാണ് രമേഷ് പൊഖ്രിയാൽ നിഷാങ്കിന്റെ പ്രധാന വാദം. പാർലമെന്റിലെ ചർച്ചയ്ക്കിടെയാണ് അദ്ദേഹം ആ പ്രസ്താവന നടത്തിയത്.

മാത്രമല്ല ന്യൂക്ലിയർ പരീക്ഷണങ്ങൾ ഇന്ത്യയിൽ മുമ്പും നടന്നിട്ടുണ്ടെന്നും പുരാതന ഇന്ത്യയിൽ ഋഷിയായിരുന്ന കണാദനാണ് ആദ്യ ന്യൂക്ലിയർ പരീക്ഷണം നടത്തിയതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ജ്യോതിഷം ആണ് ഏറ്റവും വലിയ ശാസ്ത്രമെന്ന് വിശ്വസിക്കുന്ന ഇദ്ദേഹം ആധുനിക ശാസ്ത്രവും അതിന്റെ കണ്ടുപിടിത്തങ്ങളും ജ്യോതിഷത്തിന് മുന്നിൽ കുള്ളനാണെന്നും പറഞ്ഞു. ലോക്‌സഭയിൽ ദി സ്‌കൂൾ ഓഫ് പ്ലാനിങ് ആന്റ് ആ‍ർകിടെക്ച‍ർ ബില്ലിന് മുകളിൽ ചർച്ച നടക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആദ്യ മോദി സർക്കാരിന്റെ കാലത്ത് ഹരിദ്വാറിൽ നിന്നുള്ള എം.പിയിയാരുന്നു അദ്ദേഹം. കോൺഗ്രസ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ ശിവാനന്ദ് നോത്തിയാലിനെ പരാജയപ്പെടുത്തിയാണ് പൊഖ്രിയാൽ നിഷാങ്ക് രാഷ്ട്രീയ രംഗത്ത് ഉയർന്നുവന്നത്. തുടർന്ന് ഉത്തർപ്രദേശിൽ ബി.ജെ.പിയിലെ പ്രമുഖ നേതാവായി അദ്ദേഹം ഉയർന്നുവന്നു. കേന്ദ്രീയ വിദ്യാലയങ്ങളിലെ സിലബസ് പരിഷ്കരിക്കുകയെന്ന ആർ.എസ്.എസിന്റെ ആവശ്യം മോദി സർക്കാർ അംഗീകരിച്ചിരുന്നില്ല.ഇപ്രാവശ്യം നിഷാങ്കിലൂടെ ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ.