kajal-aggarwal

നരേന്ദ്രമോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കെത്താത്തതിന്റെ കാരണം വെളിപ്പെടുത്തി ദക്ഷിണേന്ത്യൻ നടി കാജൽ അഗർവാൾ. നേരത്തെ നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ ബയോപിക്കിനെയും പിന്തുണച്ച് താരം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. വിവേക് ഒബ്‌റോയ് കേന്ദ്രകഥാപാത്രമായെത്തിയ ചിത്രത്തെ പിന്തുണച്ചത് കൊണ്ട് സോഷ്യൽ മീഡിയയിൽ കാജലിനെതിരെ വിമർശനം ഉയർന്നിരുന്നു.

നരേന്ദ്രമോദി മന്ത്രിസഭ അധികാരത്തിലേറുന്ന ചടങ്ങിന് എത്താൻ സാധിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയാണ് താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.ചടങ്ങിൽ സംബന്ധിക്കാൻ കാജലിനും പ്രത്യേക ക്ഷണമുണ്ടായിരുന്നു. രാഷ്ട്രീയ പ്രമുഖരും സിനിമാതാരങ്ങളിൽ പലരും പങ്കെടുക്കുന്ന ചടങ്ങിൽ എത്താൻ സാധിക്കില്ലെന്നാണ് കാജൽ വ്യക്തമാക്കിയത്. രാഷ്ട്രപതി ഭവനിലേക്ക് തന്നെ ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും താരം ട്വീറ്റ് ചെയ്തു.

'പ്രിയപ്പെട്ട നരേന്ദ്രമോദി സാർ,​ താങ്കൾ വീണ്ടും അധികാരത്തിലേറുന്ന ആ ചരിത്രമുഹൂർത്തത്തിൽ സംബന്ധിക്കാനായി ലഭിച്ച ക്ഷണത്തിൽ താൻ ഏറെ അഭിമാനിക്കുന്നു,​ എന്നാൽ ക്ഷണം വളരെ വൈകി ലഭിച്ചതിനാൽ തനിക്ക് ഡൽഹിക്ക് സമയത്തിനെത്താൻ സാധിക്കാതെ പോയതാണ്'. അതിൽ തനിക്ക് അങ്ങേയറ്റം സങ്കടമുണ്ടെന്നും കാജൽ ട്വീറ്റ് ചെയ്തു. മോദിക്ക് ആശംസ അറിയിക്കാനും താരം മറന്നില്ല.