car-accedent

കൊട്ടാരക്കര: മൂത്ത മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാർ മറ്രൊരു കാറുമായി കൂട്ടിയിടിച്ച് ഇളയ കുഞ്ഞ് മരിച്ചു. ഏനാത്ത് മെതുകുമ്മേൽ തട്ടേക്കാട്ട് വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന പാലക്കാട് കാവുശ്ശേരി പുത്തൻവീട്ടിൽ നസീറിന്റെയും ആയിഷയുടെയും പതിനൊന്നു മാസം പ്രായമായ മകൻ ആഷിറാണ് മരിച്ചത്. പരിക്കേറ്റ നസീർ (35), ആയിഷ (25), മകൻ നാസിൽ (7), നസീറിന്റെ അമ്മ റസിയ (52) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയിഷയുടെ നില ഗുരുതരമാണ്.

എം.സി റോഡിൽ വാളകം പൊലിക്കോടിനു സമീപം ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. നാസിലിന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കാണ് കുടുംബം യാത്ര തിരിച്ചത്. തിരുവനന്തപുരം എയർപോർട്ടിൽ പോയി മടങ്ങുകയായിരുന്ന ഇന്നോവ കാറുമായാണ് കൂട്ടിയിടിച്ചത്. കാർ പൂർണമായി തകർന്നു. തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.