ബംഗളൂരു: കർണാടകയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ വിജയം. പുറത്തുവന്ന ഫലമനുസരിച്ച് കോൺഗ്രസ് 509 വാർഡുകളിലും ജെ.ഡി.എസ് 174 സീറ്റുകളിലും ബി.ജെ.പി 366 വാർഡുകളിലും വിജയിച്ചു. ബി.എസ്.പിക്ക് മൂന്നും സി.പി.എമ്മിന് രണ്ട് സീറ്റുകളും ലഭിച്ചിട്ടുണ്ട്. കോൺഗ്രസും ജെ.ഡി.എസും സഖ്യമില്ലാതെയാണ് ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ മത്സരിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മേയ് 29 നായിരുന്നു കർണാടകയിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ 28ൽ 25 സീറ്റുകളായിരുന്നു ബി.ജെ.പി നേടിയത്. സഖ്യത്തിൽ മത്സരിച്ചിട്ടും കനത്ത തോൽവിയാണ് കോൺഗ്രസിനും ജെഡിഎസിനും ലോക്സഭയിൽ ഏൽക്കേണ്ടിവന്നത്.
എട്ട് സിറ്റി മുൻസിപ്പാലിറ്റി കോർപ്പറേഷനുകളിലെ 1361 വാർഡുകളിലേക്കും 33 ടൗൺ മുൻസിപ്പൽ കോർപ്പറേഷനുകളിലേക്കും 22 താലൂക്ക് പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
എല്ലാ സിറ്റി മുനിസിപ്പാലിറ്റികളിലും ടൗൺ മുനിസിപ്പാലിറ്റികളിലും കോൺഗ്രസ് മുന്നേറ്റം നടത്തിയപ്പോൾ പഞ്ചായത്തുകളിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.