thor-

സൂപ്പർ ഹീറോ ചിത്രമായ അവഞ്ചേഴ്സിന്റെ ഏറ്റവും പുതിയ എഡിഷൻ അവഞ്ചേഴ്സ്: എൻഡ് ഗെയിം ലോകമെങ്ങും തിയേറ്റർ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ചിത്രത്തിൽ 'തോർ‌' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സൂപ്പർതാരമായ ക്രിസ് ഹെംസ്‌വേർത്തുമായുള്ള സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നിർമ്മാതാവും നടനുമായ തമ്പി ആന്റണി.

ക്രിസ് ആദ്യമായി അഭിനയിച്ചത് തനിക്കൊപ്പമാണെന്ന് തമ്പി പറയുന്നു. എനിക്ക് നേരെ തോക്ക് ചൂണ്ടിയാണ് സൂപ്പർ സ്റ്റാർ ക്രിസ് അഭിനയം തുടങ്ങിയതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.

കാഷ് എന്ന ചിത്രത്തിലാണ് തമ്പി ക്രിസിനൊപ്പം അഭിനയിച്ചത്. സ്റ്റീഫൻ മിൽബൺ സംവിധാനം ചെയ്ത ചിത്രത്തിൽ ബഹദുർജിത് തെജീന്ദർ പ്രീത് സിംഗ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഷോൺ ബീൻ, മൈക്ക് സ്റ്റാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

തമ്പി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ചില സൗഹൃദങ്ങൾ അങ്ങനെയാണ്. ഒരുപാടടുത്താലും പിന്നെ നമുക്കെത്തപ്പെടാൻ പറ്റാത്തത്ര ഔന്നിത്യങ്ങളിൽ എത്തിയിരിക്കും. ഒരുപക്ഷേ അവർ നമ്മളെ മറന്നിട്ടില്ലായിരിക്കും. എന്നാലും സാഹചര്യത്തിന്റെയും പ്രശസ്തിയുടെയും കടലാഴങ്ങളിൽപ്പെട്ട് നട്ടം തിരിയുന്നതാവാം. എന്തായാലും ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളിലേക്കു എത്തിനില്‍ക്കുന്ന ആ കൂട്ടുകാരനിൽ. ആ വലിയ നടന്റെ ഉയർച്ചയിൽ ഞാനിന്നഭിമാനിക്കുന്നു.

ആദ്യ സിനിമയിൽത്തന്നെ എന്റെ നേരെ തോക്ക് ചൂണ്ടിയാണ് ഇന്നത്തെ ഈ സൂപ്പർ സ്റ്റാർ ക്രിസ് ഹെംസ്‌വേർത്ത് അഭിനയം തുടങ്ങിയതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.

ഒന്നിച്ചു ഷിക്കാഗോയിലെ തെരുവീഥികളിലൂടെ എത്രയോ ദിവസം കറങ്ങി നടന്നിരുന്നു. മറ്റൊരു ഹോളിവുഡ് താരം ഷോണ്‍ ബീനുമായി ബാറുകളിൽ പോയി മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞാലോ. ഒന്നും എനിക്കുപോലും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അത്രയ്ക്കും ഉന്നതങ്ങളിലാണ് അവരൊക്കെ. എന്നാലും ഇനിയുമൊരിക്കൽ കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ.

thor-