pm-modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 17 മുതൽ ജൂലൈ വരെ നടക്കും. ഭരണത്തിലേറിയത് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ലോക്‌സഭ സമ്മേളത്തിന്റെ തീയ്യതിയെ കുറിച്ചുള്ള തീരുമാനം കെെക്കൊണ്ടത്. ആദ്യ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

മനേക ഗാന്ധിയെ പ്രോ ടെം സ്പീക്കറായി തീരുമാനിച്ചിക്കുന്നുവെന്നാണ് സൂചന. ജൂൺ 19നാണ് സ്‌പീക്കർ തിരഞ്ഞെടുപ്പ്. സമ്മേളത്തിന്റെ ആദ്യ രണ്ട് ദിവസം പുതിയതായി തിരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങാവും നടക്കും. അതിന് ശേഷം നന്ദി പ്രമേയത്തിന് പ്രധാനമന്ത്രി മറുപടി പറയും. പ്രോ ടെം സ്‌പീക്കർ സത്യപ്രതിജ്ഞ ചടങ്ങ് നിയന്ത്രിക്കും.

ജൂലായി അഞ്ചിന് പൊതുബജറ്റ് അവതരിപ്പിക്കാനും പുതിയ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് ഇക്കാര്യം അറിയിച്ചത്. നിർമല സീതാരാമനാണ് പുതിയ ധനകാര്യ മന്ത്രി. ആദ്യ സമ്മേളനത്തിൽ തൊഴിൽ നിയമങ്ങളിൽ സമഗ്ര ഭേദഗതി കൊണ്ടുവരാനുള്ള ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന. തൊഴിൽ മേഖലയിൽ കരാർ വ്യവസ്ഥയിൽ തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമകൾക്ക് സ്വാതന്ത്ര്യം നൽകുകയും പിരിച്ചുവിടൽ വ്യവസ്ഥകൾ ഉദാരമാക്കുകയും ചെയ്ത ഒന്നാം മോദി സർക്കാരിന്റെ ഓ‍ർഡിനൻസിനെതിരെ ട്രേഡ് യൂണിയൻ സംഘടനകൾ രംഗത്ത് വന്നിരുന്നു.