വാഷിംഗ്ടൺ: വ്യാപാരത്തിൽ മുൻഗണനയുള്ള രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള നടപടിയിൽ മാറ്റമില്ലെന്ന് അമേരിക്ക. ഇന്ത്യയുമായി അടുത്ത സൗഹൃദമുണ്ട്. എന്നാൽ ഈ സൗഹൃദത്തെ കച്ചവടവുമായി കൂട്ടിക്കുഴയ്ക്കേണ്ട എന്നാണു ഇക്കാര്യത്തിൽ ട്രംപിന്റെ ന്യായീകരണം. വികസ്വര രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുന്ന ‘ജനറലൈസ്ഡ് സിസ്റ്റം ഒഫ് പ്രിഫറൻസസ്’ (ജി.എസ്.പി) പട്ടികയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്നു ഇക്കഴിഞ്ഞ മാർച്ചിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഈ വ്യാപാര ഉടമ്പടിയിലൂടെ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന രാജ്യമാണ് ഇന്ത്യ.
ഈ ഉടമ്പടിയുടെ ആനുകൂല്യത്തിൽ 2017ൽ യു.എസിലേക്ക് 5.6 ബില്യൻ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. അതേസമയം, തീരുമാനത്തിൽനിന്നു യുഎസ് പിന്തിരിയില്ലെന്നാണ് സൂചന. യു.എസ് വ്യക്തമാക്കുന്നു. ''ഇന്ത്യയെ ഒഴിവാക്കിയ നടപടിയിൽ മാറ്റമുണ്ടാകില്ല. ഇനിയെങ്ങനെ മുന്നോട്ടു പോകുമെന്നതിനെക്കുറിച്ചാണു ചിന്തിക്കുന്നത്. രണ്ടാം മോദി സർക്കാരുമായുള്ള ബന്ധത്തെക്കുറിച്ചും ആലോചനയുണ്ട്"- ട്രംപ് ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ഇന്ത്യയ്ക്കൊപ്പം തുർക്കിയുടെ ജി.എസ്.പി പദവിയും അമേരിക്ക റദ്ദാക്കിയിട്ടുണ്ട്.
നികുതിവ്യത്യാസം അംഗീകരിക്കാനാകത്തത്
ചൈനയ്ക്കെതിരെ വ്യാപാരയുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെയാണു ട്രംപ് ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയിൽ നിന്നു യു.എസ് ഇറക്കുമതി ചെയ്യുന്ന പല ഉത്പന്നങ്ങൾക്കും നികുതിയില്ല. എന്നാൽ, യു.എസിൽനിന്ന് ഇന്ത്യ വാങ്ങുന്ന പല ഉത്പന്നങ്ങൾക്കും 20 ശതമാനമാണു നികുതി. ഈ വ്യത്യാസം അംഗീകരിക്കാനാവില്ലെന്നാണു യു.എസ് നിലപാട്. അതേസമയം, കയറ്റുമതി കുറയുകയും വ്യവസായ ഉൽപാദനം താഴുകയും ചെയ്യുന്ന അവസ്ഥ ഇന്ത്യയെ സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കുമെന്നാണ് ആശങ്ക.