prathi

കോട്ടയം: ഫേസ് ബുക്ക് ചറ്റിങ്ങിലൂടെ പരിചയപ്പെട്ട് അൻപതിലേറെ സ്ത്രീകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അരീപ്പറമ്പ് തോട്ടപ്പള്ളിൽ വീട്ടിൽ പ്രദീഷ് കുമാർ (ഹരി,25) ആണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. അരീപ്പറമ്പ് സ്വദേശിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മാന്യമായ ചാറ്റിംഗിലൂടെ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് കുടുംബത്തിലെ അവസ്ഥ ചോദിച്ച് മനസിലാക്കി ഭർത്താക്കന്മാരുടെ ഫേയ്‌സ്ബുക്ക് അക്കൗണ്ട് കണ്ടെത്തും. സ്ത്രീകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലൂടെ ഭർത്താക്കന്മാരുമായി അടുക്കും. തുടർന്ന് അശ്ലീല ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ഭാര്യമാർക്ക് അയച്ച് നൽകും. ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന തർക്കം മുതലെടുത്ത് വീട്ടമ്മമാരുമായി അടുക്കുകയാണ് രീതി.വീഡിയോ കോളിൽ നിന്നു ശേഖരിക്കുന്ന ചിത്രങ്ങൾ മോർഫ് ചെയ്‌ത് അയച്ചു നൽകിയായിരുന്നു പീഡനം. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഉദയകുമാർ, മുരളീ മോഹനൻ നായർ, കെ.ആർ പ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ അരുൺ കുമാർ കെ.ആർ , രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഏറ്റുമാനൂർ ഇൻസ്‌പെക്ടർ മഞ്ജുലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.