capex

കൊല്ലം: സർക്കാർ നിശ്ചയിച്ച വിലയിൽ കൂടുതൽ നൽകി നാടൻ തോട്ടണ്ടി സംഭരിച്ചെന്ന ആരോപണത്തെ തുടർന്ന് കാപ്പക്സ് മാനേജിംഗ് ഡയറക്ടർ ആർ. രാജേഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. എം.ഡിയുടെ താത്കാലിക ചുമതല ധനകാര്യ വകുപ്പ് അഡിഷണൽ സെക്രട്ടറി എസ്.അനിൽകുമാറിന് നൽകി. തോട്ടണ്ടി ഇടപാടിനെക്കുറിച്ച് സംസ്ഥാന ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം നടത്താനും തീരുമാനിച്ചു. അതേസമയം, കാഷ്യു ബോർഡിന്റെ തോട്ടണ്ടി ഇടപാടിൽ കോടികളുടെ നഷ്ടം നേരിട്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

കാഷ്യു ബോർഡിൽ തോട്ടണ്ടി ആവശ്യത്തിന് സ്റ്റോക്കുള്ളപ്പോൾ കൂടിയ വിലയ്ക്ക് നാടൻ തോട്ടണ്ടി വാങ്ങി നഷ്ടം വരുത്തിയെന്നാണ് ആരോപണം. എന്നാൽ കർഷകരെ സഹായിക്കാൻ നാടൻ തോട്ടണ്ടി വാങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നു. നാടൻ തോട്ടണ്ടി വില നിർണയ കമ്മിറ്റിയുടെ ചെയർമാനായിരുന്നു ആർ. രാജേഷ്. കിലോഗ്രാമിന് 123 രൂപയ്ക്ക് വാങ്ങാൻ സർക്കാർ നിർദ്ദേശം നിലവിലിരിക്കെ 126.94 രൂപയ്ക്ക് കാസർകോട്ടു നിന്ന് 500 ടൺ നാടൻ തോട്ടണ്ടി വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം.

കാപ്പക്സ് എം.ഡിയെ സസ്പെൻഡ് ചെയ്ത നടപടിയെ കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ ന്യായീകരിച്ചു. ഇടപാടിൽ ക്രമക്കേട് നടന്നതായി സർക്കാരിന് ബോദ്ധ്യമായതിനാലാകാം നടപടിയെന്നും വസന്തൻ പറഞ്ഞു.