mamtha

കൊൽക്കത്ത: മമത ബാനർജിയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോൾ പ്രതിഷേധമുയർത്തി 'ജയ് ശ്രീ റാം' വിളിച്ച ഏഴു പേർ പിടിയിൽ. വ്യാഴാഴ്ച നോർത്ത് 24 പർഗാനസ് ജില്ലയിലെ ഭത്പര മേഖലയിലൂടെ മുഖ്യമന്ത്രി മമതാ ബാനർജി കടന്നു പോകുമ്പോഴായിരുന്നു സംഭവം. പ്രതിഷേധക്കാർക്ക് സമീപത്തായി വാഹനം നിറുത്തി പുറത്തിറങ്ങിയ മമത സുരക്ഷ ഉദ്യോഗസ്ഥരോട് സംഘത്തിന്റെ പേരു വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടു. വാഹനം നീങ്ങിയ ശേഷവും പ്രതിഷേധക്കാർ 'ജയ് ശ്രീ റാം' വിളി തുടർന്നു. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ പ്രവർത്തകർക്കെതിരെയുണ്ടായ അക്രമത്തിനെതിരെയുള്ള പ്രതിഷേധ പരിപാടിക്ക് പോകുകയായിരുന്നു മമത. പരിപാടിയിൽ സംഭവത്തെക്കുറിച്ച് മമത വിമർശനമുന്നയിച്ചു. മുമ്പ്, ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാേരണത്തിനിടെ മമത കടന്ന് പോകുമ്പോൾ പ്രതിഷേധാത്മകമായി ചിലർ 'ജയ് ശ്രീ റാം' വിളിച്ചിരുന്നു. ഇതുകേട്ട് മമതയ്ക്ക്ക്ക് നിയന്ത്രണം നഷ്ടപ്പെടുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.