വെസ്‌റ്റീൻഡീസ് പാകിസ്ഥാനെ 7 വിക്കറ്രിന് കീഴടക്കി
നോട്ടിംഗ് ഹാം: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്നലെ പാകിസ്ഥാനെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ ജയം. നോട്ടിംഗ്ഹാം വേദിയായ മത്സരത്തിൽ പാക് ബാറ്രിംഗ് നിരയെ എറിഞ്ഞ് വീഴ്ത്തിയ വിൻഡീസ് 7 വിക്കറ്രിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്ര് ചെയ്ത പാകിസ്ഥാൻ 21.4 ഓവറിൽ വെറും 105 റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ വെസ്റ്രിൻഡീസ് 13.4 ഓവറിൽ 3 വിക്കറ്ര് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (108/3).
4 വിക്കറ്റ് വീഴ്ത്തിയ ഓഷേൻ തോമസും 3 വിക്കറ്റെടുത്ത നായകൻ ജാസൻ ഹോൾഡറും 2 വിക്കറ്റ് സ്വന്തമാക്കിയ ആന്ദ്രേ റസ്സലും ചേർന്നാണ് പാക് ബാറ്രിംഗ്നിരയെ തകർത്തത്.
പാക് സ്കോർ 17ൽ നിൽക്കെ ഇമാം ഉൾ ഹഖിനെ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന്റെ കൈയിൽ എത്തിച്ച് കോട്ട്റൽ ആണ് പാകിസ്ഥാന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. അധികം വൈകാതെ നന്നായി കളിച്ചു വരികയായിരുന്ന ഫകർ സമാൻ (22) റസലിന്റെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങി. 12 പന്ത് നേരിട്ട സമാൻ 2 ഫോറും 1 സിക്സും നേടി. ഹാരിസ് സൊഹൈൽ (8) റസ്സലിന്റെ പന്തിൽ ഹോപ്പിന്റെ കൈയിൽ ഒതുങ്ങി. ബാബർ അസം (22) തോമസിന്റെ പന്തിൽ ഹോപ്പിന് ക്യാച്ച് നൽകി മടങ്ങി. പിന്നീട് എത്തിയവരിൽ ഹാഫീസിനും (16), വഹാബ് റിയാസിനും (18) മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
തുടർന്ന് ബാറ്രിംഗിനിറങ്ങിയ വെസ്റ്രിൻഡീസ് തന്റെ അവസാന ലോകകപ്പിനെത്തിയ ക്രിസ് ഗെയ്‌ലിന്റെ (34പന്തിൽ 50) അർദ്ധ സെഞ്ചറിയുടെ അർദ്ധ സെഞ്ച്വറിയുടെ ചിറകിലേറി അനായാസ ജയം നേടുകയായിരുന്നു. 6 ഫോറും 3 സിക്സും ഗെയ്ൽ നേടി. ലോകകപ്പിൽ ഏറ്രവും കൂടുതൽ സിക്സടിച്ച താരമെന്ന റെക്കാഡും ഗെയ്‌ൽ സ്വന്തമാക്കി. നിക്കോളാസ് പൂരാൻ 19 പന്തിൽ 4 ഫോറും 2 സിക്സും ഉൾപ്പെടെ 34 റൺസ് നേടി പുറത്താകാതെ നിന്നു. പൂരാൻ സിക്സടിച്ചാണ് വിൻഡീസിന്റെ വിജയ റൺസ് നേടിയത്. മുഹമ്മദ് ആമീർ പാകിസ്ഥാനായി മൂന്ന് വിക്കറ്ര് വീഴ്ത്തി.
ലോകകപ്പിൽ പാകിസ്ഥാന്റെ ഏറ്രവും ചെറിയ രണ്ടാമത്തെ സ്കോറാണ് ഇത്
40 സിക്സ് ലോകകപ്പിൽ ക്രിസ് ഗെയ്ൽ സ്വന്തമാക്കി. ലോകകപ്പിൽ ഏറ്രവും കൂടുതൽ സിക്സടിക്കുന്ന താരമെന്ന റെക്കാഡും ഗെയ്‌ലിന്റെ പേരിലായി
ഏകദിനങ്ങളിൽ പാകിസ്ഥാന്റെ തുടർച്ചയായ 11മത്തെ തോൽവിയാണിത്
218 പന്ത് ബാക്കി നിൽക്കെയാണ് പാകിസ്ഥാൻ തോൽവി സമ്മതിച്ചത്. ലോകകപ്പിൽ പാകിസ്ഥാന്റെ ഏറ്രവും വലിയ തോൽവികളിൽ ഒന്നാണിത്.