ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിയായി രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദിക്ക് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി സമ്മാനമായി നൽകിയത് ചുവപ്പിൽ പൊതിഞ്ഞ ഒരു രുദ്രാക്ഷമാല! നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ചെയർമാൻ കൂടിയാണ് ഒലി. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ഒലിയുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി ഹൈദരാബാദ് ഹൗസിൽ നടന്ന ചർച്ചയ്ക്ക് ശേഷമാണ് ഒലി സമ്മാനം കൈമാറിയത്. ഹിമാലയൻ മലനിരകളിൽ നിന്നുള്ള രുദ്രാക്ഷം കൊണ്ടുള്ള മാലയാണിത്. കൂടിക്കാഴ്ചയ്ക്കുശേഷം നേപ്പാൾ സന്ദർശനത്തിനായി ഒലി, മോദിയെ ക്ഷണിക്കുകയും ചെയ്തു.