pc-george

ഈരാട്ടുപേട്ട: മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ പി.സി ജോർജ്ജിനെതിരെ പുത്തൻപള്ളി ഇമാം നാദിർ മൗലവി നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. എൻ.‌ഡി.എയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന പി.സി ജോർജിനെ പിന്തിരിപ്പിക്കാനായി ഓസ്ട്രേലിയയിൽ നിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ വ്യക്തിയോടാണ് ജോർജ് വിവാദ പരാമർശം നടത്തിയത്.

ഈരാട്ടുപേട്ടയിലെ മുസ്ലീങ്ങൾ തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മുസ്ലീങ്ങൾ ശ്രീലങ്കയിലടക്കം കത്തോലിക്കാ പള്ളിക്കെതിരെ അക്രമണം നടത്തുകയാണെന്നുമാണ് ജോർജ് പറഞ്ഞത്. ഇതിനെതിരെയാണ് ഇമാം നാദിർ മൗലവി രംഗത്തെത്തിയിരിക്കുന്നത്. ഇനി പൂഞ്ഞാറിന്റെ മണ്ണിൽ നിന്നും പി.സി ജോർജ് നിയമസഭയുടെ പടി കാണില്ലെന്നും ഇമാം നാദിർ മൗലവി പ്രസംഗത്തിൽ പറയുന്നു.

പ്രസംഗത്തിന്റെ പൂർണരൂപം

'1980 മുതൽ മുസ്ലീം സമുദായത്തിന്റെ വോട്ട് വാങ്ങി ഒരു ഭാഗത്ത് നമ്മളെ പിന്തുണയ്ക്കുകയും മറുഭാഗത്ത് പോയി നമ്മളെ കാല് വാരുകയും ഈ സമുദായത്തെ ഒന്നടക്കം വർഗ്ഗീയ കാപാലികർക്ക് ഒറ്റിക്കൊടുക്കുകയും ചെയ്ത എം.എൽ.എയുമായി ഇനിയൊരു സന്ധിയും ഈ സമുദായത്തിനില്ല എന്നുള്ള ശക്തമായ പ്രഖ്യാപനമാണ് ഈ ഒത്തു ചേരൽ എന്ന കാര്യത്തില്‍ തർക്കമില്ല. ഈവിടുത്ത ക്രൈസ്തവ സമുദായവും ഹിന്ദു സമുദായവും മുസ്ലീം സമുദായവും ഒന്നിച്ച് നില്‍ക്കുന്നവരാണ്. ജാതിയും മതവും നോക്കാതെ നിൽക്കുന്നവരാണ് ഈരാട്ടുപേട്ടക്കാർ. ഈരാട്ടുപേട്ടക്കാർക്ക് വിലയിടാൻ പൂഞ്ഞാറിന്റെ എം.എൽ.എ വളർന്നിട്ടില്ല. ഇയാളെ പുറത്താക്കാൻ ഈ നാട്ടുകാർക്ക് കഴിയും. നിങ്ങൾ കാണാൻ പോകുകയാണ്. ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണിൽ നിന്ന് പി.സി ജോർജ് കാണില്ല എന്ന് എഴുതിവച്ചോളൂ" ഇമാം നാദിർ മൗലവി പറഞ്ഞു.