വരാപ്പുഴ: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ മുൻ റൂറൽ എസ്.പി എ.വി ജോർജ് കുറ്റക്കാരൻ തന്നെയാണെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള. സർക്കാരിന്റെ നിലപാട് ഇതാണെങ്കിൽ നീതികിട്ടില്ലെന്ന് പ്രതീക്ഷയില്ലെന്നും അവർ പറഞ്ഞു.
വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ എ.വി.ജോർജിനെ കുറ്റവിമുക്തനാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. ജോർജിന് സംഭവുമായി ബന്ധമില്ലെന്നും സാക്ഷി മാത്രമാണെന്നുമുള്ള ക്രൈംബ്രാഞ്ചിന്റെയും ഡി.ജി.പിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുറ്റവിമുക്തനാക്കിയത്.
അന്നത്തെ എറണാകുളം റൂറൽ എസ്.പിയായിരുന്ന എ.വി ജോർജിന്റെ കീഴിലിുള്ള ടൈഗർ ഫോഴ്സിലെ പൊലീസുകാരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്.എസ്.പിയുടെ നിർദ്ദേശ പ്രകാരമാണ് ടൈഗർ ഫോഴ്സിലെ പൊലീസുകാർ ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്നായിരുന്നു ആരോപണം.ഇതേ തുടർന്ന് ജോർജിനെ സസ്പെൻഡ് ചെയ്യുകയും വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ശുപാർശ ചെയ്യുകയും ചെയ്തു.
സർക്കാർ ജോർജിനെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ ജോർജിന് ഡി.ഐ.ജിയായി വൈകാതെ സ്ഥാനക്കയറ്റം നൽകും. ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ 7 പൊലീസുകാരെ പ്രേസ്ക്യൂട്ട് ചെയ്യാൻ നേരത്തെ സർക്കാർ ശുപാർശ നൽകിയിരുന്നു.