crpf-

ബിജാപൂർ: പരിക്കേറ്റ യുവാവിനെ അഞ്ചു കിലോമീറ്ററോളം കട്ടിലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ച് കൈയടി നേടിയിരിക്കുകയാണ് സി.ആർ.പി.എഫ് സൈനികർ. ‍ഛത്തീസ്ഗണ്ഡിലാണ് സംഭവം. ട്രാക്ടറിൽ നിന്ന് വീണ യുവാവിനാണ് പട്രോളിംഗിനെത്തിയ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ രക്ഷകരായത്.

വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് ഡെപ്യൂട്ടി കമൻഡാന്റ് കമേഷ്വർ സാഹുവിന്റെ നേതൃത്വത്തിൽ പെട്രോളിംഗ് നടത്തുകയായിരുന്നു സി.ആർ.പി.എഫ് സൈനികർ.ഗ്രാമത്തിലൂടെ കടന്ന് പോകവേയാണ് ട്രാക്ടറിൽ നിന്ന് വീണ് കരയുന്ന അനന്തു എന്ന യുവാവിനെ സൈനികർ കണ്ടത്. തുടർന്ന് പട്രോളിംഗ് ടീമിൽ ഉണ്ടായിരുന്ന അനുരാഗ് ദംഗി,വികാസ് തുഷാവർ, രാകേഷ് കുമാർ, ദുർഗ പ്രസാദ്, അനിൽ കുമാർ എന്നിവർ യുവാവിനെ കട്ടിലിൽചുമന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അഞ്ചുകിലോമീറ്ററോളം കാട്ടിലൂടെ കട്ടിലിൽ ചുമന്നാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ യുവാവ് ബിജാപൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.