തിരുവനന്തപുരം: വകുപ്പ് വിദേശകാര്യമാണെങ്കിലും തലസ്ഥാനത്തിന്റെ വികസനം കേന്ദ്രമന്ത്രി വി.മുരളീധരന് വീട്ടുകാര്യം പോലെയാണ്. ഉള്ളൂരിലെ വീട്ടിനടുത്തുകൂടി കടന്നുപോകേണ്ട തലസ്ഥാനത്തിന്റെ സ്വപ്നപദ്ധതി ലൈറ്റ്മെട്രോ യാഥാർത്ഥ്യമാക്കുമെന്നാണ് മുരളിയുടെ ഉറപ്പ്. പുതുക്കിയ പദ്ധതിരേഖ കേന്ദ്രാനുമതിക്കായി സംസ്ഥാന സർക്കാർ സമർപ്പിച്ചാൽ തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന മെട്രോ പദ്ധതിക്കായി ഏതറ്റംവരെയും സമ്മർദ്ദം ചെലുത്തുമെന്ന് വി.മുരളീധരൻ 'സിറ്റികൗമുദി'യോട് പറഞ്ഞു. ഉപരിതലഗതാഗത മന്ത്രാലയം മുതൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വരെ അനുമതി വേണ്ട പദ്ധതിയാണ് മെട്രോ. തലസ്ഥാന വികസനത്തിനായി വിവിധ മന്ത്രാലയങ്ങളിൽ നിന്ന് അനുമതി നേടിയെടുക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കും- തിരുവനന്തപുരത്തുകാർക്ക് മുരളീധരന്റെ ഉറപ്പ്.
വർഷങ്ങളായി തർക്കങ്ങളിലും ഫയൽക്കെട്ടുകളിലും കുടുങ്ങിക്കിടക്കുകയാണ് ലൈറ്റ്മെട്രോ. ഡി.എം.ആർ.സിയുടെയും ഇ.ശ്രീധരന്റെയും പിന്മാറ്റത്തിനു ശേഷം കാര്യമായ പുരോഗതിയില്ല. മെട്രോയുടെ പ്രാരംഭ പ്രവർത്തനമായ മൂന്ന് മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് ടെൻഡർ വിളിക്കാൻ അനുമതി നൽകിയതും സ്ഥലമെടുപ്പിന് നടപടി തുടങ്ങിയതുമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂലനീക്കം. പദ്ധതി ഒരുകാരണവശാലും പിൻവലിക്കില്ലെന്നും പദ്ധതിരേഖ കേന്ദ്രത്തിന് സമർപ്പിക്കുമെന്നും മന്ത്രി ജി.സുധാകരൻ വ്യക്തമാക്കി മാസങ്ങളായിട്ടും അന്തിമറിപ്പോർട്ട് ഇതുവരെ മന്ത്രിസഭ അംഗീകരിച്ചിട്ടുപോലുമില്ല. കേന്ദ്രമന്ത്രിയുടെ സഹായവാഗ്ദാനം ലഭിച്ചതോടെ സംസ്ഥാനസർക്കാർ മെട്രോയ്ക്കായി ഉണരേണ്ട സമയമാണിത്. മെല്ലെപ്പോക്കും പിടിവാശിയും മാറ്റിവച്ച് സർക്കാർ ഉണർന്നുപ്രവർത്തിച്ചാൽ മെട്രോയ്ക്ക് അനുമതി നേടിയെടുക്കാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനചിത്രമായി, രാജ്യത്തെ 50 നഗരങ്ങളിൽ മെട്രോ ട്രെയിനുകൾ ഓടിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. പ്രാഥമിക നടപടികൾ തുടങ്ങിയ നഗരങ്ങളിലെ 275കിലോമീറ്റർ മെട്രോയ്ക്ക് ഉടനടി അനുമതിയും കേന്ദ്രവിഹിതവും അനുവദിക്കാനാണ് തീരുമാനം. നിലവിൽ പത്തുനഗരങ്ങളിൽ മാത്രമുള്ള മെട്രോപദ്ധതികൾ 50 ഇടത്തേക്ക് വ്യാപിപ്പിക്കുകയാണ് കേന്ദ്രനയം. മെട്രോയുടെ വിശദമായ പദ്ധതിരേഖയും (ഡി.പി.ആർ) പൊതുഗതാഗത നവീകരണ പദ്ധതിയും സംസ്ഥാനം തയ്യാറാക്കിയിട്ടുണ്ട്. മെട്രോയുടെ ഡിപ്പോയ്ക്കും യാർഡിനുമായി കോഴിക്കോട്ടും തിരുവനന്തപുരത്തും സ്ഥലമെടുത്തിട്ടുണ്ട്. പ്രാരംഭനിർമ്മിതിയായ നാല് മേൽപ്പാലങ്ങളുടെ ഡിസൈൻ അംഗീകരിച്ചിട്ടുണ്ട്. മൂന്ന് പാലങ്ങൾക്കായി 272കോടിയുടെ ഭരണാനുമതിയും നൽകി. മെട്രോയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഏഴ് നഗരങ്ങൾ ഇത്രയും നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ല. മെട്രോ ആഗ്രഹിക്കുന്നവർക്ക് ഇത്രയും കാര്യങ്ങൾ ചെയ്തുതീർക്കാൻ ഒന്നരവർഷമെങ്കിലും വേണ്ടിവരും.
മെട്രോപദ്ധതികളിൽ സ്വകാര്യപങ്കാളിത്തം നിർബന്ധമാക്കിയുള്ള കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയത്തോടാണ് സംസ്ഥാനസർക്കാരിന് എതിർപ്പ്. പൊതു-സ്വകാര്യ പങ്കാളിത്തമുള്ള മെട്രോപദ്ധതികൾക്കേ കേന്ദ്രാനുമതിയും വിഹിതവും ലഭിക്കൂവെന്നതാണ് നിലവിലെ സ്ഥിതി. കോച്ച്, സിഗ്നലിംഗ്, ടിക്കറ്റിംഗ്സിസ്റ്റം എന്നിവയിലേതെങ്കിലുമോ, പദ്ധതിയുടെ ഒരുഭാഗമോ സ്വകാര്യപങ്കാളിത്തത്തോടെ വേണമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചത്. പുതിയ കേന്ദ്രനയപ്രകാരം പുതുക്കിയ ഡി.പി.ആർ ഡി.എം.ആർ.സി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഐ.എ.എസുകാരുടെ സമിതി ഇതേക്കുറിച്ച് പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകി.
പക്ഷേ, മാസങ്ങൾ കഴിഞ്ഞിട്ടും മന്ത്രിസഭ ഇത് പരിഗണിച്ചിട്ടില്ല. മെട്രോയുടെ തുടർവികസനത്തിന് പണമുണ്ടാക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് പദ്ധതിയുണ്ടാക്കാൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ആദ്യവർഷങ്ങളിൽ മെട്രോ നഷ്ടത്തിലായിരിക്കും. ഈ കാലയളവിൽ മെട്രോയിലേക്ക് യാത്രക്കാരെ എത്തിക്കാനുള്ള ഫീഡർസർവീസ്, റോഡ്-ജംഗ്ഷൻ പരിപാലനം, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ശുചീകരണം എന്നിവയ്ക്ക് തടസമുണ്ടാകാതിരിക്കാനാണ് മറ്റു മാർഗങ്ങളിലൂടെ പണമുണ്ടാക്കാനുള്ള കേന്ദ്രനിർദ്ദേശം. ലൈറ്റ്മെട്രോയ്ക്ക് പ്രത്യേകം അതോറിട്ടികൾ (യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടി) രൂപീകരിക്കണമെന്നും യാത്രാസൗകര്യങ്ങൾ, വികസനത്തിന് പണം കണ്ടെത്തൽ, വായ്പയെടുക്കൽ എന്നിവയ്ക്കെല്ലാം പ്രത്യേകം നിയമനിർമ്മാണം നടത്താനുമാണ് കേന്ദ്രം നിർദ്ദേശിച്ചത്. ഇതുപ്രകാരം വിജ്ഞാപനമിറക്കിയ ശേഷമേ പദ്ധതിരേഖ കേന്ദ്രത്തിന് അയയ്ക്കാനാവൂ.
കേന്ദ്രം കനിയേണ്ടത്
ലൈറ്റ്മെട്രോ പദ്ധതിക്കുള്ള അനുമതി
1619 കോടിയുടെ കേന്ദ്രവിഹിതം
3832 കോടിയുടെ വിദേശവായ്പയ്ക്കുള്ള കേന്ദ്രഗാരന്റി
1.35% പലിശയ്ക്ക് ഫ്രഞ്ച് വായ്പാവാഗ്ദാനമുണ്ട്
25വർഷം തിരിച്ചടവും 5വർഷം മൊറട്ടോറിയവും
പൂനെമെട്രോയ്ക്ക് കേന്ദ്രംനൽകിയത് 1300കോടി വി.ജി.എഫ്