തിരുവനന്തപുരം: നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാന്റുമുള്ള തമ്പാനൂരിലെത്തുന്ന യാത്രക്കാർക്ക് സ്ഥലം തേടി അലയേണ്ട ഗതികേടാണ്. ന്യായമായ വിലയ്ക്ക് നഗരസഭ ഒരുക്കിയിരുന്ന പവർഹൗസ് റോഡിലെ പാർക്കിംഗ് കേന്ദ്രം മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം നിർമ്മിക്കുന്നതിനായി അധികൃതർ താഴിട്ടു. ഒപ്പം ടാറിംഗ് ജോലികൾക്കായി റെയിൽവേ സ്റ്റേഷനിലെ കാർ പാർക്കിംഗ് ഏരിയയും ഒരു മാസത്തേക്ക് അടച്ചു. ഇതോടെ കാർ പാർക്കിംഗിന് ഏക ആശ്രമയം തമ്പാനൂർ ബസ് ടെർമിനൽ മാത്രമായി മാറിയിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാൻ റെയിൽവേ സൗകര്യമൊരുക്കുന്നുണ്ടെങ്കിലും സൂചി കുത്താൻ ഇടമില്ലാത്തത്ര തിരക്കിലമർന്നിരിക്കും രാവിലെ എട്ടു മണിയോടെ ഇവിടെ.
മൾട്ടിലെവൽ പാർക്കിംഗ് എന്ന് വരും?
നഗരസഭയുടെ സ്വപ്നപദ്ധതിയായ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാളയത്തെയും തമ്പാനൂരിലെയും കിഴക്കേകോട്ടയിലെയും പാർക്കിംഗ് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമൊരുക്കാൻ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം ഒരുക്കാൻ നഗരസഭ തീരുമാനിച്ചത്. അഞ്ച് നിലയിൽ ലിഫ്റ്റ് സംവിധാനത്തോടെയുള്ള പാർക്കിംഗ് കേന്ദ്രങ്ങളാണ് അമൃത് പദ്ധതിപ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിക്കുക. 1200 കാറുകൾ, 2500 ഇരുചക്രവാഹനങ്ങൾ എന്നിവ ഒരൊറ്റ കേന്ദ്രത്തിൽ പാർക്ക് ചെയ്യാനുള്ള സംവിധാനമുണ്ടാക്കും. പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് പ്രധാന മാർക്കറ്റുകളിലേക്കുള്ള അകലം 250 മീറ്റർ വരെയെങ്കിലുമായി നിജപ്പെടുത്തും. സ്വിവറേജ്, അർബൻ ട്രാൻസ്പോർട്ട്, പാർക്ക് എന്നീ വിഭാഗങ്ങളിലായി 33.09 കോടിയുടെ പദ്ധതിക്കാണ് രണ്ടാം ഘട്ടത്തിൽ അനുമതി ലഭിച്ചത്. ഇതിൽ മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രങ്ങൾക്കായി 5.55 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഫണ്ട് അനുവദിച്ച് പദ്ധതിയുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും ഇതെന്ന് പൂർത്തിയാകുമെന്നതിൽ അധികൃതർക്ക് തന്നെ ഉറപ്പില്ല.
സ്ഥിതി മുതലാക്കി റെയിൽവേ അധികൃതർ തക്കം പോലെ പാർക്കിംഗ് ഫീസും ഉയർത്തിയിട്ടുണ്ട്. മുച്ചക്രവാഹനങ്ങൾ, നാല് ചക്രവാഹനങ്ങൾ എന്നിവ രണ്ട് മണിക്കൂർ പാർക്ക് ചെയ്യുന്നതിന് 25 രൂപയും എട്ട് മണിക്കൂർ പാർക്ക് ചെയ്യുന്നതിന് 40 രൂപയും ഒരു ദിവസം പാർക്ക് ചെയ്യുന്നതിന് 60 രൂപയുമാണ് ഈടാക്കുന്നത്. ഇരുപത് രൂപ നഗരസഭ ഈടാക്കിയിരുന്നിടത്താണ് റെയിൽവേയുടെ ഈ കൊള്ള. എന്നാൽ പാർക്കിംഗ് ഫീസ് നിശ്ചയിക്കുന്നത് റെയിൽവേയിലെ ഉന്നതാധികാരികളാണെന്നതാണ് അധികൃതരുടെ ഭാഷ്യം. കൊള്ളവില കൊടുത്താലും വേണ്ടില്ല പാർക്ക് ചെയ്യാമെന്ന് വിചാരിച്ചാലോ ഈ സംവിധാനവും താത്കാലികമായി അടച്ചിരിക്കുകയാണ്.
ടെർമിനൽ ഫുൾ
തമ്പാനൂർ ബസ് ടെർമിനലിൽ യാത്രക്കാരും ജീവനക്കാരും കൊണ്ടു വയ്ക്കുന്ന വാഹനങ്ങളെ കൂടാതെ മറ്റ് വാഹനങ്ങൾക്കും പാർക്കിംഗ് അനുവദിക്കുന്നതിനാൽ ഇവിടെ പലപ്പോഴും ഫുള്ളാണ്. കെ.ടി.ഡി.എഫ്.സിയുടേതാണ് ഈ കെട്ടിടം. കരാറുകാരാണ് വാടകയീടാക്കുന്നത്. 315 കാറുകൾക്കും 550 ബൈക്കുകൾക്കും പാർക്ക് ചെയ്യാൻ സൗകര്യമുണ്ട് ഇവിടെ. ബൈക്കിന് നാലുമണിക്കൂറിന് 10 രൂപയും കാറിന് രണ്ട് മണിക്കൂറിന് 20 രൂപയുമാണ് പാർക്കിംഗ് നിരക്ക്. ദിവസം മുഴുവൻ പാർക്ക് ചെയ്യുന്നവരിൽ നിന്ന് കാറിന് 75 രൂപയും ബൈക്കിന് പതിനഞ്ച് രൂപയും ഈടാക്കും. ലെനിൻ സിനിമാസിൽ സിനിമ കാണാൻ വരുന്നവരും പാർക്കിംഗ് കൂടിയാകുമ്പോൾ പിന്നെ ആകെ ശ്വാസം മുട്ടലാണ്. ഇതിനിടയിൽ എങ്ങനെ റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് പാർക്കിംഗ് ഒരുക്കുമെന്നാണ് അധികൃതർ ചോദിക്കുന്നത്.
എവിടെയാ പാർക്കിംഗ് പൊലീസേ?
പാർക്കിംഗിന് സ്ഥലമില്ലാതെ അലഞ്ഞു തിരിഞ്ഞ് റോഡ് വക്കിൽ പാർക്ക് ചെയ്യാമെന്ന് വിചാരിച്ചാൽ നിങ്ങൾ പെട്ടതു തന്നെ. കാരണം നഗരമദ്ധ്യത്തിലെ പാർക്കിംഗ് നിരോധിത ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരെ ‘പൂട്ടാൻ’ ചങ്ങലയും പൂട്ടുമായി പൊലീസ് സദാ ഇടറോഡിലും വഴിവക്കിലുമുണ്ട്. തമ്പാനൂർ പൊലീസാണ് ഇതിന് മുന്നിൽ. തമ്പാനൂർ ബസ് സ്റ്റാൻഡിനോട് ചേർന്ന മോസ്ക് ലെയ്നിലെ ഇത്തരം അനധികൃത പാർക്കിംഗ് യാത്രാതടസമുണ്ടാക്കുന്നെന്ന ഏറെ നാളായുള്ള പരാതിയെത്തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് പൊലീസ് പൂട്ട് ഓപ്പറേഷനുമായി മുന്നിട്ടിറങ്ങിയത്. തമ്പാനൂർ മുതൽ ഹൗസിംഗ് ബോർഡ് ജംഗ്ഷൻവരെയുള്ള എസ്.എസ് കോവിൽറോഡിൽ ഒരു വശത്തുമാത്രമാണ് പാർക്കിംഗ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇത് മതിയാകില്ലെന്നതാണ് വാസ്തവം.
പൊലീസിന്റെ ഈ പൂട്ട് ഭേദിച്ച് വണ്ടിയെടുക്കണമെങ്കിൽ പിഴ അടയ്ക്കണം. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലുള്ള പൊലീസ് എയ്ഡ് പോസ്റ്റിലെത്തി നൂറ് രൂപ പിഴ നൽകിയാൽ പൊലീസുതന്നെ പൂട്ട് തുറന്ന് വാഹനം വിട്ടുകൊടുക്കും. അഞ്ച് മാസത്തോളമായി ഈ നടപടി തുടരുകയാണ്. അനധികൃത പാർക്കിംഗ് തടയുന്നതൊക്കെ നല്ലതു തന്നെ പക്ഷേ, പാർക്കിംഗിന് ബദൽ സംവിധാനമൊരുക്കുന്നതിലും ഈ ശുഷ്കാന്തി കാണിക്കണ്ടേയെന്നാണ് പാവം നാട്ടുകാർ ചോദിക്കുന്നത്.