തിരുവനന്തപുരം: കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ആസ്വദിക്കുന്ന മാജിക്കിലൂടെ പുകയില വിരുദ്ധ ബോധവത്കരണം നടത്തി കാണികളുടെ കൈയടി നേടിയിരിക്കുകയാണ് പ്രശസ്ത മജീഷ്യനും യൂണിസെഫ് അംബാസഡറുമായ ഗോപിനാഥ് മുതുകാട്. ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് കാൻസർ കൺട്രോൾ ഫൗണ്ടേഷൻ, പി.എം.എസ് കോളേജ് ഒഫ് ഡെന്റൽ സയൻസ് ആൻഡ് റിസർച്ച്, സതേൺ റെയിൽവേ ട്രിവാൻഡ്രം ഡിവിഷൻ മെഡിക്കൽ ഡിപ്പാർട്മെന്റ്, കേരള അസോസിയേഷൻ ഒഫ് സർജിക്കൽ ഓങ്കോളജിസ്റ്റ്സ്, ചൈൽഡ് ലൈൻ എന്നിവയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച 'പുകയില്ല ലോകം പതിരില്ല ലോകം' പരിപാടിയിലായിരുന്നു മുതുകാടിന്റെ മാജിക് അവതരണം.
പുകയില ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലം മാജിക്കിലൂടെ അവതരിപ്പിക്കുമ്പോൾ പുകയില എത്ര ഭീകരനാണ് എന്ന് മാജിക് കാണുന്ന ഓരോ കൊച്ചു കുഞ്ഞിനും മനസിലാകും. പുകയിലയുടെ പിടിയിലായ വ്യക്തി എത്രതന്നെ ശ്രമിച്ചാലും ആ 'ഹാബിറ്റ് ' അവിടെ തന്നെ അവശേഷിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മുതുകാടിന്റെ ആദ്യ മാജിക്.
ആരോഗ്യവാനായ വ്യക്തി പുകയിലയുടെ പിടിയിലകപ്പെട്ടാൽ എങ്ങനെ അയാളുടെ ആരോഗ്യം ക്ഷയിക്കുന്നുവെന്ന് മനസിലാക്കി തരുന്നതായിരുന്നു അടുത്ത മാജിക്. രണ്ട് സിഗരറ്റ് മാതൃകയ്ക്ക് ഇടയിലൂടെ കടത്തിവിടുന്ന ആരോഗ്യവാനായ ഒരാളുടെ രൂപം പുറത്ത് വരുമ്പോൾ ആരോഗ്യം ക്ഷയിച്ച് അസ്ഥികൂടം മാത്രം ആകുന്നു. ഈ മാജിക്കിലൂടെ പുകയില ഒരു വ്യക്തിയുടെ ആരോഗ്യത്തെ എങ്ങനെ നശിപ്പിക്കുന്നുവെന്ന ബോധവത്കരണം നൽകുകയാണ് ലക്ഷ്യമെന്ന് മുതുകാട് പറഞ്ഞു.
തന്റെ ജീവിതത്തിൽ ഇതുവരെ പുകയില ഉപയോഗിച്ചിട്ടില്ലെന്നും നിരോധനത്തിന് പകരം സ്നേഹത്തിലൂടെയും സാന്ത്വനത്തിലൂടെയും പുകയില ഉപയോഗത്തെ നിയന്ത്രിക്കുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നും മുതുകാട് പറഞ്ഞു. പാൻമസാലകളുടെ ഉപയോഗം ഒരു വ്യക്തിയെ എങ്ങനെ ഇല്ലാതാക്കുന്നു എന്ന് കാണിക്കുന്നതിനുള്ള ഒരു മാജിക് കൂടി മുതുകാട് അവതരിപ്പിച്ചു. കാണികളിൽ നിന്ന് രണ്ട് പേരെ വിളിച്ച് പാൻമസാലയുടെ മാതൃക പെട്ടിയിൽ നിക്ഷേപിക്കാൻ പറഞ്ഞു. പെട്ടി അടച്ച് തുറക്കുമ്പോഴേക്കും പെട്ടിക്കുള്ളിൽ ഒരു തലയോട്ടി പ്രത്യക്ഷപ്പെട്ടിരുന്നു. അത്രമാത്രം ദൂഷ്യഫലങ്ങളാണ് പുകയിലയ്ക്കും മറ്റു ലഹരി പദാർത്ഥങ്ങൾക്കും ഉള്ളതെന്നും എല്ലാ ദിവസവും പുകയില വിരുദ്ധ ദിനമാകട്ടെ എന്നും അവനവനാണ് പുകയില ഉപയോഗത്തിൽ നിന്നും ലഹരി ഉപയോഗത്തിൽ നിന്നും സ്വയം നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഡോ.ബാബു മാത്യുവിന്റെ 'ടൊബാക്കോ ഓർ ഹെൽത്ത്' എന്ന പുസ്തകം ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു. തിരുവനന്തപുരം ഡിവിഷൻ ചീഫ് മെഡിക്കൽ സൂപ്രണ്ട് മേരി മാത്യു ഏറ്റുവാങ്ങി. തുടർന്ന് പുകയില ബോധവത്കരണ ഫെയ്സ് പെയിന്റിംഗ് പ്രദർശനവും ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള തെരുവ് നാടകവും അരങ്ങേറി. പരിപാടിയുടെ ഭാഗമായി പുകയില വിരുദ്ധ ബോധവത്കരണ പ്രദർശന സ്റ്റാൾ, സൗജന്യ അർബുദ നിർണയ ക്യാമ്പ്, പുകയില നിവർത്തന ക്ലിനിക്, വിവിധ മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു. ചടങ്ങിൽ തിരു.സെൻട്രൽ റെയിൽവേ എ.ഡി.ആർ.എം പി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
പി.എം.എസ് ഡെന്റൽ കോളേജ് പ്രിൻസിപ്പൽ എൻ.ഒ. വർഗീസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റേഷൻ ഡയറക്ടർ അജയ് കൗഷിക്, കെ.ചന്ദ്രമോഹൻ, എസ്.ഗോപീകൃഷ്ണൻ, പി.ഡി. തോമസ്, പി.എ. തോമസ്, സോണി തോമസ് തുടങ്ങിയവർ പങ്കെടുത്തു.