ക്ഷീര വിക്രേത അഗതവാൻ വാ?' രാവിലെ മുറ്റത്ത് കോലം വരയ്ക്കുന്നതിനിടെ കരമന കീഴ തെരുവിലെ വിജയ സുഹൃത്തായ ആനന്ദവല്ലിയോട് ചോദിക്കുകയാണ്.
'ന..ഇതഹപര്യന്തം" എന്ന് ആനന്ദവല്ലിയുടെ സംസ്കൃതത്തിൽതന്നെയുള്ള മറുപടി. രണ്ടു പേർക്കും പിന്നെ കുറച്ച് നാട്ടു വർത്തമാനം.
പാൽക്കാരൻ വന്നോ എന്നതടക്കം ദൈനംദിന സംഭാഷണങ്ങൾ ഇതിനകം തന്നെ സംസ്കൃതത്തിലായി കഴിഞ്ഞു
കരമനയിൽ.
ഇന്ത്യയിലെ സംസ്കൃത ഗ്രാമം എന്നറിയപ്പെടുന്ന കർണാടകത്തിലെ ഷിമോഗ ജില്ലയിലെ മാത്തൂരാകാനൊരുങ്ങുകയാണ് കരമന. അതും റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ പത്മനാഭന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയിലൂടെ. സംസ്കൃത ഭാരതിയുടെ തിരുവനന്തപുരം ജില്ലാ ഭാരവാഹി സന്തോഷും അദ്ധ്യാപികയായ ജനനിയും സർക്കാർ സംസ്കൃത കോളേജ് പ്രിൻസിപ്പലും പ്രഭാഷകനുമായ ഡോ.ഉണ്ണികൃഷ്ണനും ഐ.ടി.വിദഗ്ദൻ മഹാദേവനും കൂട്ടായ്മയ്ക്ക് പിന്തുണയേകുന്നു. ആറു മാസം മുമ്പ് ഒരു സംസ്കൃത ശിബിരത്തോടെയായിരുന്നു പ്രവർത്തനങ്ങളുടെ തുടക്കം. ഇതിനായുള്ള ക്ലാസുകൾ ഇവിടുത്തെ എല്ലാ വിഭാഗങ്ങളിലും പെട്ട കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് നൽകുകയാണ്. എഴുതി പഠിപ്പിക്കാതെ കേട്ടുപഠിച്ചു പറയുക എന്ന രീതിയാണ് അവലംബിക്കുന്നത്. പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർ പൊടുന്നനെ വീടുകളിലേക്ക് എത്തുന്നു. അപ്രതീക്ഷിതമായുള്ള ഈ വിരുന്നെത്തുന്നതിനിടെ സംസ്കൃതത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നു.
നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ പരിചയപ്പെടുത്തുന്നതാണ് ഒരു രീതി. അതിനായി പച്ചക്കറികൾ, വസ്ത്രങ്ങൾ, വൈദ്യുത ഉപകരണങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ച് അതിൽ മലയാളപദങ്ങളും ഒപ്പം സംസ്കൃതപദങ്ങളും രേഖപ്പെടുത്തിയുള്ള പ്രദർശനങ്ങൾ നടത്തുന്നു. കഴിഞ്ഞ മാസം കരമന ശങ്കരമഠത്തിൽ നിത്യജീവിതത്തിന്റെ ഭാഗമായ അഞ്ഞൂറ് സാധനങ്ങൾ പ്രദർശിപ്പിച്ച് അവയുടെ സംസ്കൃതത്തിലുള്ള പേരുകൾ രേഖപ്പെടുത്തിയിരുന്നു. എന്നും ഒരു വാക്ക് പഠിപ്പിക്കാനായി പ്രത്യേക ബോർഡും കരമനയിൽ കൂട്ടായ്മ ഒരുക്കിയിട്ടുണ്ട്. ഒപ്പം പ്രഭാത ഭേരിയുമുണ്ട്.
സംസ്കൃത പഠനത്തിന് വഴിവിളക്കാകാൻ പഴയ തലമുറയിലെ സുപ്രസിദ്ധരായ പരമേശ്വര ശാസ്ത്രികൾ (ഭാരതി ശാരദാ മഠം സ്ഥാപകൻ) , വൈദിക പണ്ഡിതശ്രേഷ്ഠൻ സുബ്രഹ്മണ്യ വാദ്ധ്യാർ, രാമ അയ്യർ (ഗവ.പ്രസ് പത്രാധിപർ) യജ്ഞനാരായണ രാമ അയ്യർ (ദിവാൻ നാഗമയ്യ തെരുവ്) ഡോ. എം. ഹരിഹര ശാസ്ത്രികൾ തുടങ്ങിയവരുടെ പാരമ്പര്യം ഈ പ്രദേശത്തിന് സ്വന്തം. രാവിലെ നാലരയ്ക്ക് ഗ്രാമം ഇപ്പോൾ ഉണരുന്നത് പത്മനാഭന്റെ ടിബറ്റൻ മണി മുഴക്കവും നാമജപത്തോടും കൂടിയാണ്. ഒപ്പം കേരളത്തിലെ 'ആദ്യത്തെ സംസ്കൃത ഗ്രാമം' എന്ന പദവിയിലേക്ക് മെല്ലെ ചുവട് വയ്ക്കുകയും ചെയ്യുന്നു.
എസ്. ആദികേശവൻ
(എസ്.ബി.ഐയിലെ
ചീഫ് ജനറൽ മാനേജരാണ് കരമന
സ്വദേശി കൂടിയായ ലേഖകൻ)