തിരുവനന്തപുരം : വരുംകാല തലമുറയ്ക്കായി പ്രകൃതിയെയും ജല ഉറവകളെയും നിലനിറുത്താനുള്ള ഉത്തമ മാതൃകകൾ അവതരിപ്പിച്ച് ടാഗോർ തിയേറ്റർ പരിസരത്ത് ഇന്നലെ സമാപിച്ച ജലസംഗമവേദിയിലെ പ്രദർശനം ശ്രദ്ധേയമായി.
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടത്തിയ പുഴ പുനരുജ്ജീവനം, വന -ജലസംരക്ഷണം എന്നിവ ആധാരമാക്കി മൂന്ന് ദിവസത്തെ ജലസംഗമത്തോടനുബന്ധിച്ച് തുറന്ന സ്റ്റാളുകളാണ് വൈവിദ്ധ്യംകൊണ്ട് ശ്രദ്ധേയമായത്. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും വീണ്ടെടുക്കുന്നതിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ മാതൃകകളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. ഗ്രാമ നഗര പ്രദേശങ്ങളിൽ ഒഴുകിയെത്തുന്നതും മഴയിലൂടെ ലഭിക്കുന്നതുമായ വെള്ളം ശേഖരിക്കുന്നതിനുള്ള മാതൃകയാണ് ഫാം ഇൻഫർമേഷൻ ബ്യൂറോ ഒരുക്കിയത്. മൂവാറ്റുപുഴ ജലസേചന പദ്ധതി അടിസ്ഥാനമാക്കിയുള്ള ചെറുകിട ജലസേചന മാതൃകയും ഹരിതകേരള മിഷൻ പദ്ധതിയുൾപ്പെടുത്തി നടപ്പിലാക്കുന്ന ആമച്ചൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും ജലസേചന വകുപ്പ് അവതരിപ്പിച്ചു.
ഫാം ഇൻഫർമേഷൻ ബ്യൂറോ, ജലവിഭവ വിനിയോഗ കേന്ദ്രം, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്, നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രം, ജലസേചന വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേരള കാർഷിക സർവകലാശാല, ജല അതോറിട്ടി, സംസ്ഥാന ഭൂവിനിയോഗ ബോർഡ്, കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജലസമൃദ്ധി പ്രോജക്ട്, ശുചിത്വമിഷൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് എന്നീ വകുപ്പുകളും ബയോ സ്റ്റാർട്സ് വെഞ്ച്വേഴ്സ് പോലുള്ള സംരംഭങ്ങളും പ്രദർശന സ്റ്റാളുകളിൽ ജലം സംരക്ഷിക്കാനുള്ള വിവിധ മാതൃകകൾ അവതരിപ്പിച്ചു.