കഴിഞ്ഞ ആഗസ്റ്റിൽ കേരളത്തെ ഒന്നാകെ പിടിച്ചുലച്ച പ്രളയം സിനിമയാകുന്നു. എസ്. കെ. വില്വൻ തിരക്കഥയൊരുക്കി രതീഷ് രാജു എം .ആർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'മൂന്നാം പ്രളയം" എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വച്ച് ജയറാം നിർവഹിച്ചു.
സായ് കുമാറാണ് ചിത്രത്തിലെ നായകൻ. ഏറെക്കാലത്തിനുശേ ഷമാണ് സായ് കുമാർ വീണ്ടും നായകവേഷം അവതരിപ്പിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ സായ് കുമാറിന്റെ വേഷം ഏറെ കൈയടി നേടിയിരുന്നു. അനിൽ മുരളി, അരിസ്റ്റോ സുരേഷ്, സദാനന്ദൻ ചേപ്പറമ്പ്, സനൂജ സോമനാഥ്, ബിന്ദു പണിക്കർ, സാന്ദ്ര നായർ, കുളപ്പുളി ലീല, ബേസിൽ മാത്യു, അനീഷ് ആനന്ദ്, അനിൽ ഭാസ്കർ, മഞ്ജു സുഭാഷ് തുടങ്ങിയവർക്കൊപ്പം അറുപതോളം അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നു.
നയാഗ്ര മൂവീസിന്റെ ബാനറിൽ ദേവസ്യ കുര്യാക്കോസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് റസാഖ് കുന്നത്താണ് .
ആഗസ്റ്റ് 15, 16, 17 ദിവസങ്ങളിൽ കുട്ടനാട് കൈനകരിയിലുള്ള ആളുകളുടെ ജീവിതാവസ്ഥയാണ് മൂന്നാം പ്രളയത്തിന്റെ ഇതിവൃത്തം. പതിമൂന്ന് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായി. കല്ലാർക്കുട്ടി ഡാമിലാണ് ക്ലൈമാക്സ് ചിത്രീകരിച്ചത്.ജൂലായ് ആദ്യവാരം ചിത്രം തിയേറ്ററുകളിൽ എത്തും.