തെലുങ്കിൽ വിജയചരിത്രം തീർത്ത മമ്മൂട്ടിച്ചിത്രം യാത്രയുടെ രണ്ടാം ഭാഗവുമായി സംവിധായകൻ മഹി വി. രാഘവ്.കഴിഞ്ഞ ദിവസമാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ മഹി. വി. രാഘവ് യാത്രയുടെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2003-ൽ വൈ.എസ്. രാജശേഖരറെഡ്ഢി നടത്തിയ പദയാത്രയായിരുന്നു യാത്രയുടെ പ്രമേയം. വൈ.എസ്.ആറിന്റെ മകൻ വൈ.എസ്. ജഗന്റെ കഥയാണ് യാത്ര - 2 പറയുന്നത്.
വൈ.എസ്. ആറായി മമ്മൂട്ടി പ്രത്യക്ഷപ്പെട്ട യാത്രയുടെ രണ്ടാം ഭാഗത്തിൽ വൈ.എസ്.ആറിന്റെ മകൻ ജഗന്റെ വേഷത്തിൽ ദുൽഖർ സൽമാൻ എത്തുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. ദുൽഖറുമായി മഹി. വി. രാഘവ് ആദ്യഘട്ട ചർച്ച നടത്തിക്കഴിഞ്ഞെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.യാത്രയിൽ വൈ.എസ്.ആറിന്റെ യഥാർത്ഥ രംഗങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ മഹി. വി. രാഘവ് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. വൈ.എസ്.ആർ. ജഗന്റെ അഭൂതപൂർവമായ തിരഞ്ഞെടുപ്പ് വിജയത്തിന് യാത്ര ഏറെ ഗുണം ചെയ്തിരുന്നു.