മലപ്പുറം: പകർച്ചവ്യാധികളും സാംക്രമിക രോഗങ്ങളും ജില്ലയിൽ വീണ്ടും പിടിമുറുക്കുന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം ഏറെ കൂടുതലാണ്. ഉത്തർപ്രദേശിലെ ഖോരക്പൂരിൽ കുട്ടികളിൽ മരണം വിതച്ച അക്യൂട്ട് എൻസഫാലിറ്റിസ് സിൻഡ്രോം (എ.ഇ.എസ്) ജില്ലയിൽ 17 പേർക്ക് റിപ്പോർട്ട് ചെയ്തപ്പോൾ രണ്ട് മരണങ്ങളുണ്ടായി. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാണിത്. ഈ കാലയളവിൽ സംസ്ഥാനത്ത് മലപ്പുറത്തിന് പുറമെ തൃശൂരിൽ മാത്രമാണ് ഒരു കേസ് റിപ്പോർട്ട് ചെയ്തത്. മരണവും ജില്ലയിൽ മാത്രമാണ്.
പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിട്ടുണ്ട്. മൂന്ന് മരണങ്ങളുമുണ്ടായി. ദിവസവും ശരാശരി അഞ്ഞൂറിന് മുകളിൽ പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. 39 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. പത്തിലധികം എച്ച്.1 എൻ 1 കേസുകളുമുണ്ട്. നേരത്തെ വലിയ പ്രതിസന്ധി തീർത്ത ചിക്കൻ ഗുനിയ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
16 എലിപ്പനി കേസുകളുണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എലിപ്പനി ബാധിതരുടെ എണ്ണം കുറഞ്ഞു. 17 മലമ്പനി കേസുകളും റിപ്പോർട്ട് ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതലായി കണ്ടുവരുന്ന മലമ്പനി അടുത്തിടെയായി ജില്ലയിൽ വലിയ ഭീഷണിയുയർത്തുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളാണ് രോഗവാഹകരിലേറെയും. കൃത്യമായ ചികിത്സ തേടാനോ ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിക്കാനോ പലപ്പോഴും ഇവർ തയ്യാറാവാത്തതും രോഗവ്യാപനത്തിന് ഇടയാക്കുന്നുണ്ട്.
മഞ്ഞപ്പിത്തവും ജില്ലയിൽ വ്യാപിക്കുന്നു. നാല് മാസത്തിനിടെ 142 ഹെപ്പറ്റൈറ്റിസ് എ കേസുകളുണ്ടായി. ഇതിൽ ഒരാൾ മരിച്ചു. ഒമ്പത് പേർ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചും ചികിത്സ തേടി. മിക്ക ജില്ലകളിലും അമ്പതിൽ താഴെ കേസുകളാണുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഞ്ഞപ്പിത്ത ബാധിതരുള്ളത് ജില്ലയിലാണ്. അതിസാരം വലിയ വെല്ലുവിളി തീർക്കുന്നുണ്ട്. ഇതുവരെ 24,705 പേർക്ക് രോഗം ബാധിച്ചു. രണ്ടുപേർ മരിച്ചു. ദിവസം ശരാശരി 200 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. വരൾച്ച കുടിവെള്ള സ്രോതസുകളെ ബാധിച്ചതും ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യതക്കുറവും രോഗവ്യാപനത്തിന് വഴിവച്ചു.
ജാഗ്രത കൂട്ടണം
മറ്റ് ജില്ലകളെ അപേക്ഷിച്ച് ജനസംഖ്യയിലെ വലിയ മാറ്റമാണ് ജില്ലയിൽ രോഗബാധിതരുടെ എണ്ണം കൂടാൻ കാരണമെന്ന പതിവ് പല്ലവിയാണ് അധികൃതർക്ക് പറയാനുള്ളത്.
അതേസമയം താഴെത്തട്ടിലടക്കം ആരോഗ്യപ്രവർത്തകരുടെ കുറവും പ്രധാന തസ്തികളിൽ പോലും ആളില്ലാത്തതും രോഗ പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പരിസര ശുചീകരണത്തിലും മാലിന്യ നിർമ്മാർജ്ജനത്തിലും തദ്ദേശസ്ഥാപനങ്ങളുടെ ജാഗ്രതാക്കുറവും രോഗ വ്യാപനത്തിന് വഴിയൊരുക്കുന്നുണ്ട്.