lll
തണൽ കൂട്ടായ്മയിലെ അംഗങ്ങൾ

പൊന്നാനി : പലിശയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് ഒരു പ്രദേശത്തിന് തണലേകി പത്ത് വർഷം പിന്നിടുകയാണ് മാറഞ്ചേരി മുക്കാല കേന്ദ്രമായി പ്രവർത്തിക്കുന്ന തണൽ വെൽഫയർ സൊസൈറ്റി. കേരളത്തിലെ പ്രഥമ പലിശ രഹിത അയൽകൂട്ടായ്മയാണിത്. രണ്ട് കിലോമീറ്റർ ചുറ്റളവിൽ 53 അയൽക്കൂട്ടങ്ങളിലായി ആയിരത്തിൽപരം അംഗങ്ങളാണ് തണലിലുള്ളത്.

അംഗങ്ങൾ തന്നെ ശേഖരിച്ച സമ്പാദ്യം ഉപയോഗിച്ച് ഏഴ് കോടിയോളം രൂപയാണ് പലിശരഹിത വായ്പയായി ഇവർ പരസ്പരം കൈമാറിയത്. കഴിഞ്ഞവർഷം മാത്രം 93 ലക്ഷം രൂപ വായ്പ നൽകി.

കുട്ടികളിൽ സമ്പാദ്യശീലമുണ്ടാക്കാൻ അയൽക്കൂട്ടങ്ങൾക്ക് കീഴിൽ തണൽ ബാലസഭകളുമുണ്ട്. 13 ബാലസഭകളിലായി അഞ്ഞൂറോളം കുട്ടികൾ അംഗങ്ങളാണ്. ചെറു സമ്പാദ്യമായി കഴിഞ്ഞ വർഷം ഇവർ ശേഖരിച്ചത് ആറു ലക്ഷത്തിലധികം രൂപയാണ്.

സ്വയംതൊഴിൽ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനൊപ്പം പലിശരഹിത സംരംഭകത്വ വായ്പകളും നൽകുന്നുണ്ട്. ജൈവകൃഷി മേഖലയിൽ വീട്ടമ്മമാരെ അണിനിരത്താൻ രണ്ടുവർഷം മുമ്പ് ആരംഭിച്ച തണൽ പുരയിടക്കൃഷിയിൽ 350 ഓളം പേർ പങ്കാളികളാണ്. വിത്തുകൾ സൗജന്യമായി നൽകും.

വിവിധ ബോധവത്കരണ ക്ളാസുകളും സംഘടിപ്പിക്കുന്നുണ്ട്.
തണലിന്റെ മാതൃക ഉൾക്കൊണ്ട് പലിശരഹിത അയൽകൂട്ടായ്മകൾ കേരളത്തിലെ 200ലേറെ പ്രദേശങ്ങളിൽ ആരംഭിച്ചിട്ടുണ്ടെന്ന് കൂട്ടായ്മയ്ക്ക് ചുക്കാൻ പിടിക്കുന്ന എ.അബ്ദുൾ ലത്തീഫ് പറഞ്ഞു.

തണലിന്റെ പത്താം വാർഷികാഘോഷം മെയ് നാലിന് കാലത്ത് ഒമ്പതിന് മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടക്കും.