മുഖം മറച്ചുള്ള വസ്ത്രധാരണം അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചതിനെക്കുറിച്ച് മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്) പ്രസിഡന്റ് ഡോ.പി.എ.ഫസൽ ഗഫൂർ കേരളകൗമുദിയോട് സംസാരിച്ചു. പ്രസക്തഭാഗങ്ങളിൽ നിന്ന്:-
നിഖാബിന് ( മുഖം മറച്ചുള്ള വസ്ത്രം) വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ സുന്നി സംഘടനകൾ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ അദ്ധ്യയന വർഷത്തിൽ തന്നെ തീരുമാനം നടപ്പാക്കുന്നത് വെല്ലുവിളിയാവില്ലേ?
ഒരു വെല്ലുവിളിയുമില്ല. സമസ്ത പറഞ്ഞത് അവരുടെ അഭിപ്രായമാണ്. മുസ്ളിങ്ങളുടെ മുകളിൽ ആർക്കും ഉടമസ്ഥാവകാശമില്ല. എം.ഇ.എസും സമസ്തയെ പോലെയൊരു സംഘടനയാണ്. അവർ എണ്ണത്തിൽ കൂടുതലും ഞങ്ങൾ വണ്ണത്തിൽ കൂടുതലും എന്നേയുള്ളൂ. അവരുടെ വിദ്യാർത്ഥികൾക്കൊന്നും ഞങ്ങൾ സീറ്റ് കൊടുക്കില്ല, വിലക്കേർപ്പെടുത്തുമെന്ന് പറഞ്ഞാൽ അതു ശരിയാവുമോ. നിഖാബിൽ സമസ്ത അവരുടെ അഭിപ്രായം പറഞ്ഞു. അത് ഞങ്ങൾക്ക് സ്വീകാര്യമല്ല. അത്രയേയുള്ളൂ.
നിഖാബിന് വിലക്കേർപ്പെടുത്തിയതിലൂടെ സമൂഹത്തിന് നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശമെന്താണ്?
മലയാളി മാപ്പിള സംസ്കാരത്തിൽ ഇല്ലാത്തൊരു കാര്യമാണ് മുഖാവരണം ധരിക്കുകയെന്നത്. പൂർവികരാരും മുഖം മറച്ചതായി ചരിത്രത്തിലെവിടെയും കാണുന്നില്ല.1,500 കൊല്ലമായി ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് ശരിയല്ലെന്നാണോ മുഖാവരണത്തെ അനുകൂലിക്കുന്നവർ പറയുന്നത്. പെട്ടെന്ന് എവിടെ നിന്നാണ് ഇവർക്കൊരു ബോധോദയമുണ്ടായത്. ഈ നിലപാട് എം.ഇ.എസ് അംഗീകരിക്കുന്നില്ല. മുഖാവരണം ധരിക്കുന്നതിന് അറുതി വേണമെന്ന വ്യക്തമായ സന്ദേശമാണ് സമൂഹത്തിന് നൽകാനുള്ളത്.
എന്തുകൊണ്ടാണ് പൊടുന്നനെ എം.ഇ.എസ് ഈ തീരുമാനത്തിലെത്തിയത് ?
കഴിഞ്ഞ വർഷം എം.ബി.ബി.എസ്, ബി.ഡി.എസ് അഡ്മിഷനായി രണ്ട് കുട്ടികൾ മുഖാവരണവുമായാണ് വന്നത്. ഇങ്ങനെയാണ് വസ്ത്രധാരണമെങ്കിൽ അഡ്മിഷൻ നൽകാനാവില്ലെന്ന് ഞാൻ പറഞ്ഞു. ഈ വിഷയം ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷന്റെ മുന്നിലെത്തി. പ്രോസ്പെക്ടസിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടോയെന്നാണ് അദ്ദേഹം ചോദിച്ചത്. മെഡിക്കൽ കോളേജ് ഡയറക്ടർ എന്ന നിലയിൽ അന്ന് ഭാഗ്യത്തിന് ഞാൻ പ്രോസ്പക്ടസിൽ ഇതെഴുതി ചേർത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അഡ്മിഷൻ നൽകണോ എന്നതിൽ എം.ഇ.എസിന് തീരുമാനമെടുക്കാമെന്ന് കമ്മിഷൻ നിലപാടെടുത്തു. ഇതിനുശേഷമാണ് ക്രൈസ്തവ വിദ്യാലയങ്ങളിൽ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായത്. അവർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ വ്യക്തി സ്വാതന്ത്ര്യമല്ല, സ്ഥാപനത്തിന്റെ നിബന്ധനകൾക്കാണ് പ്രാധാന്യമെന്ന് ചൂണ്ടിക്കാട്ടി. പുതിയ അദ്ധ്യയന വർഷം മുന്നിലെത്തിയിരിക്കെ മുഖവസ്ത്രം ധരിക്കുന്നതിനെ ചൊല്ലി ഒരു തർക്കം ഒഴിവാക്കാനാണ് എല്ലാ സ്ഥാപന മേധാവികൾക്കും സർക്കുലർ അയച്ചത്.
നിഖാബ് ധരിക്കണമെന്ന് വ്യക്തിപരമായി ആഗ്രഹിക്കുന്നവരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാവില്ലേ ഇത്?
ഇത്തരം ചിന്താഗതി പുലർത്തുന്നവർക്ക് അതിനെ അനുകൂലിക്കുന്ന സ്ഥാപനങ്ങളിൽ പഠിക്കാം, ജോലി ചെയ്യാം. കേരളത്തിൽ ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. വിദ്യാഭ്യാസ രംഗമെന്നത് എം.ഇ.എസിന്റെ കുത്തകയൊന്നുമല്ലല്ലോ. എം.ഇ.എസ് ഒരു നവോത്ഥാന പ്രസ്ഥാനമാണ്. അതിന് അതിന്റേതായ കാഴ്ച്ചപ്പാടുകളുണ്ടാവും. ഞങ്ങൾ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നില്ല. അവർ അവരുടെ വഴിക്കും ഞങ്ങൾ ഞങ്ങളുടെ വഴിക്കും പോവും.
മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാനുള്ള താത്പര്യമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് ഒരു ആക്ഷേപം?
അഡ്മിഷൻ തൊട്ടുമുന്നിലെത്തിയിരിക്കെ പ്രോസ്പെക്ടസിൽ ഉൾപ്പെടുത്താൻ വേണ്ടിയാണ് സർക്കുലർ അയച്ചത്. ഒരു പബ്ലിക് ഇഷ്യു ഉണ്ടാക്കുകയോ വാർത്താസമ്മേളനം വിളിക്കുകയോ മാദ്ധ്യമങ്ങളിൽ ലേഖനമെഴുതുകയോ ഒന്നും ചെയ്തിട്ടില്ല. ഞങ്ങളുടെ കാഴ്ചപ്പാട് ഞങ്ങളുടെ സ്ഥാപനങ്ങളിൽ നടപ്പാക്കും. ആ കാഴ്ചപ്പാടിനോട് വിയോജിപ്പുണ്ടെങ്കിൽ ഒന്നുകിൽ വീട്ടിലിരിക്കുക അല്ലെങ്കിൽ സ്വന്തം സ്ഥാപനങ്ങളുണ്ടാക്കി അവിടെ ചേരുക. മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കേണ്ട ആവശ്യം എനിക്കില്ല. ദീർഘകാലമായി എം.ഇ.എസിന്റെ പ്രസിഡന്റാണ് ഞാൻ. പ്രസ്ഥാനം കെട്ടിപ്പടുത്തത് എന്റെ പിതാവാണ്. എം.ഇ.എസിനെ സംബന്ധിച്ചിടത്തോളം മുസ്ളിം സമുദായത്തിന്റെ കാര്യങ്ങളിൽ ഇടപെടുകയെന്നത് സ്വാഭാവികം മാത്രമാണ്.
ഇസ്ളാമിനെ പ്രാകൃത മതമായി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്നും, ഇസ്ളാം വിരുദ്ധനെന്നും വിമർശനമുണ്ടല്ലോ?
ഇസ്ളാമിൽ തന്നെയില്ലാത്ത ഒരു കാര്യത്തെ എതിർക്കുമ്പോൾ പ്രാകൃത മതമായി ചിത്രീകരിക്കുന്നെന്ന് എങ്ങിനെ പറയാനാവും. പൂർവികരൊന്നും മുഖാവരണം ധരിച്ചിട്ടില്ല. ശരിക്കും പറഞ്ഞാൽ നമ്മളാണ് പ്രാകൃതർ. എന്നെ ഇസ്ളാം വിരുദ്ധനെന്ന് മുദ്രകുത്താൻ ആരും ശ്രമിക്കേണ്ട. മുസ്ളിം സമുദായത്തിന് വേണ്ടി ഏറ്റവും ശക്തമായ നിലപാടുകളെടുത്ത വ്യക്തിയാണ് ഞാൻ. എന്റെ നിലപാടുകൾ മുസ്ളിം സമുദായത്തിനും പൊതുസമൂഹത്തിനും നന്നായിട്ടറിയാം. മുഖാവരണത്തിന് വിലക്കേർപ്പെടുത്തിയത് മുസ്ളിം നവോത്ഥാന ചരിത്രത്തിലെ ഒരു ഏട് തന്നെയാണ്. ഇതിൽ ഉറച്ച് നിൽക്കും. ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.