കോട്ടയ്‌ക്കൽ: പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനിടെ പ്രായമായ സ്ത്രീയ്‌ക്ക് ബോട്ടിൽ കയറാൻ സ്വന്തം തോൾ ചവിട്ടുപടിയാക്കിയ മത്സ്യത്തൊഴിലാളി ജൈസൽ താനൂരിന് തലചായ്‌ക്കാനൊരിടമായി. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ഐ.സി.എഫിന്റെ സഹകരണത്തോടെയാണ് ജൈസലിന് വീട് നിർമ്മിച്ച് നൽകിയത്. 1100 സ്‌ക്വയർ ഫീറ്റിൽ 16 ലക്ഷം രൂപ ചെലവിലാണ് ഇരുനില വീട് പണിതത്. കഴിഞ്ഞ സെപ്തംബറിലാണ് അഖിലേന്ത്യ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വീടിന് കുറ്റിയടിച്ചത്.
വീടിന്റെ സമർപ്പണ സമ്മേളനം സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി താക്കോൽ കൈമാറി.