കൊണ്ടോട്ടി:സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുളള ഈ വർഷത്തെ ഹജ്ജ് സർവ്വീസുകൾ കരിപ്പൂരിൽ നിന്ന് ജൂലൈ ആറിനും നെടുമ്പാശ്ശേരിയിൽ നിന്ന് 14നും ആരംഭിക്കുമെന്ന് സംസ്ഥാന ഹജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും തീർത്ഥാടകർക്ക് ആവശ്യമായ മുഴുവൻ സൗകര്യങ്ങളും ഒരുക്കാൻ ഇന്നലെ ചേർന്ന സംസ്ഥാന ഹജ് കമ്മറ്റി തീരുമാനിച്ചു.ഇതിന്റെ ഭാഗമായി നെടുമ്പാശ്ശേരിയിലെ ഹജ് സർവ്വീസ് സംബന്ധിച്ച് സിയാലുമായി കൂടിക്കാഴ്ച നടത്തിയതായി ചെയർമാൻ പറഞ്ഞു.കരിപ്പൂരിൽ ഏഴിന് ചൊവ്വാഴ്ച എയർപോർട്ട് അതോറിറ്റിയുമായി ഹജ് കമ്മിറ്റി കൂടിക്കാഴ്ച നടത്തും.
നെടുമ്പാശ്ശേരിയിൽ ജൂലൈ 14 മുതൽ 17 വരെയാണ് ഹജ് സർവ്വീസ്.ദിനേന രണ്ടു വിമാനങ്ങളാണ് എയർഇന്ത്യ നാലു ദിവസത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ആദ്യവിമാനം ഉച്ചയ്ക്ക് രണ്ടിനും രണ്ടാമത്തെ വിമാനം വൈകിട്ട് നാലിനും പുറപ്പെടും. 330 തീർത്ഥാടകരെ ഉൾക്കൊളളുന്ന വിമാനമാണ് എയർഇന്ത്യ സർവ്വീസിനായി ഉപയോഗിക്കുക.2730 പേരാണ് ഈ വർഷം നെടുമ്പാശ്ശേരിയിൽ നിന്ന് ഹജിന് പോകുന്നത്.
കരിപ്പൂരിൽ നിന്നുളള ഹജ് സർവ്വീസുകൾ ജൂലൈ ആറ് മുതലാണ് ആരംഭിക്കുക.ജൂലൈ 22 വരെയുളള ദിവസങ്ങളിൽ 32 ഹജ് സർവ്വീസുകളാണ് സൗദി എയർലെൻസ് കരിപ്പൂരിൽ നിന്ന് നടത്തുക.10464 പേരാണ് കരിപ്പൂരിൽ നിന്ന് ഹജിന് പുറപ്പെടുന്നത്.കരിപ്പൂരിൽ നിന്നുളള സർവ്വീസുകൾ നേരിട്ട് മദീനയിലേക്കാണ് പുറപ്പെടുക.ആയതിനാൽ ഹജ് ക്യാമ്പിൽ നിന്ന് ഇഹ്റാം വേഷത്തിൽ ആയിരിക്കില്ല തീർത്ഥാടകർ പുറപ്പെടുക.മദീനയിലെത്തിയതിന് ശേഷമാണ് തീർത്ഥാടകർ ഇഹ്റാമിൽ പ്രവേശിക്കുക.കരിപ്പൂരിൽ ഹജ്ജ് സർവ്വീസ് 2014ന് ശേഷം പുനരാരംഭിക്കുകയാണ്. എയർപോർട്ട് അതോറിറ്റിയുമായി സൗകര്യങ്ങൾ വിലയിരുത്താൻ 7ന് ചൊവ്വാഴ്ച ഹജ് കമ്മറ്റി വിമാനത്താവള ഡയറക്ടർ, എമിഗ്രേഷൻ,കസ്റ്റംസ് ഉദ്യോഗസ്ഥരെ നേരിൽ കാണും.ഹജ്ജ് തീർത്ഥാടകർക്കുളള ടെർമിനൽ സൗകര്യങ്ങൾ യോഗത്തിൽ വിലയിരുത്തും.
ഈ വർഷം കേരളത്തിൽ നിന്ന് 13194 പേർക്കാണ് ഇതുവരെയായി അവസരം കൈവന്നത്.മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ തീർത്ഥാടകർക്ക് അവസരം ലഭിച്ച വർഷമാണ്.തീർത്ഥാടകരിൽ 1199 പേർ 70 വയസ്സിന് മുകളിൽ പ്രായമുളളവരാണ്.മെഹ്റമില്ലാത്ത സ്ത്രീകളുടെ കാറ്റഗറിയിൽ 2011 പേരും 12 കുട്ടികളും ഉൾപ്പെടും.ഹജ്ജ് കമ്മറ്റി യോഗത്തിൽ കേന്ദ്ര ഹജ്ജ് കമ്മറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.മഖ്സൂദ് അഹമ്മദ് ഖാൻ മുഖ്യാഥിതിയായി.ഹജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അദ്ധ്യക്ഷനായി.ഹജ്ജ് സെക്രട്ടറിയും മലപ്പുറം ജില്ലാകളക്ടറുമായ അമിത് മീണ,സി.മുഹ്സിൻ എം.എൽ.എ, ഡോ.ബഹാവുദ്ധീൻ മുഹമ്മദ് നദ്വി, എച്ച്.മുസമ്മിൽ ഹാജി,കടക്കൽ അബ്ദുൾ അസീസ് മൗലവി, പി.കെ.അഹമ്മദ്, കാസിം കോയ പൊന്നാനി,പി.അബ്ദുറഹ്മാൻ,അനസ് ഹാജി,ടി.കെ.അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു.