മാനവ മനസുകളെ നവീകരിക്കുന്ന വ്രതാനുഷ്ഠാനത്തിന്റെ വസന്തത്തിലേക്ക് വിശ്വാസി സമൂഹം പ്രവേശിക്കുകയാണ്. സ്വർഗവാതിലുകളെല്ലാം മലർക്കെ തുറക്കപ്പെടുകയും നരക കവാടങ്ങൾ കൊട്ടിയടയ്ക്കപ്പെടുകയും ചെയ്യുന്ന നാളുകളാണ് ഒരിക്കൽ കൂടി വന്നെത്തിയിരിക്കുന്നത്. റംസാന്റെ ദിനരാത്രങ്ങളിൽ പെയ്തിറങ്ങുന്ന പുണ്യവുമായി മനുഷ്യന് ആത്മസംസ്കരണത്തിനും നാഥനിലേക്ക് കൂടുതലടുക്കാനുമുള്ള സുവർണാവസരം. ഭൗതികമായ സുഖാസ്വാദനങ്ങൾ ത്യജിച്ച് ഖുർ-ആനിന്റെ മാർഗത്തിലേക്കും മനുഷ്യമഹത്വത്തിലേക്കും ഓരോ ചുവടും ചേർന്ന് നിൽക്കുമ്പോൾ അവൻ ആദമിന്റെ അന്തസുള്ള സന്തതിയാവുന്നു. ഒരു സുകൃതനായ മനുഷ്യൻ. വ്യക്തികളെ സംസ്കരിച്ച് നല്ല കൂടുംബത്തെയും സംസ്കാരമുള്ള സമൂഹത്തെയും വാർത്തെടുക്കുന്ന പാഠശാലയാണ് റംസാൻ.
ഈ പുണ്യമാസത്തിൽ എത്തിച്ചേരാനും വ്രതമനുഷ്ഠിക്കാനും അത് വിജയകരമായി പൂർത്തിയാക്കാനും കഴിയുന്നവർ ഭാഗ്യവാന്മാരാണ്. സംഘർഷഭരിതവും നന്മതിന്മകളാൽ സമ്മിശ്രവുമായ ജീവിത സാമൂഹിക ചുറ്റുപാടുകളിൽ നിന്ന് അകന്നുമാറി ആത്മസംസ്കരണത്തിന്റെയും നന്മയുടെയും ലോകത്ത് അധിവസിക്കാൻ കഴിയുന്ന പുണ്യങ്ങളുടെ പൂക്കാലമാണ് റംസാൻ. സ്വർഗകവാടങ്ങൾ തുറന്നിട്ട കാലം. കഴിഞ്ഞുപോയ ജീവിതത്തിന്റെ തെറ്റുകുറ്റങ്ങളെയും ന്യൂനതകളെയും പരിഹരിക്കാനും ഭാവിജീവിതത്തിലേക്ക് നന്മയുടെ പാതയൊരുക്കാനും ഈ പുണ്യമാസം അവസരമൊരുക്കുന്നു. ''സത്യവിശ്വാസികളെ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപ്പിച്ചിരുന്നത് പോലെ തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കി കൽപ്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷ്മത (തഖ്വ)യുള്ളവരായിരിക്കാൻ വേണ്ടി.''
തഖ്വ എന്ന വാക്ക് കേവല സൂക്ഷ്മതയിലൊതുങ്ങുന്ന ഒന്നല്ല. അതിരറ്റ ആത്മീയ ജാഗ്രതയുടെയും ജീവിത കണിശതയുടെയും നന്മയിൽ നിന്ന് വ്യതിചലിക്കാത്ത നിതാന്ത പരിശ്രമങ്ങളുടെയും വിപുലമായ അർത്ഥതലങ്ങളിലേക്ക് നീങ്ങുന്നതാണത്. എല്ലാം സർവശക്തനിലർപ്പിച്ച് ജീവിതത്തിലെ സകല സൗഭാഗ്യങ്ങളും ദുരിതങ്ങളും പ്രയാസങ്ങളും നന്മതിന്മകളും സ്രഷ്ടാവിൽ നിന്നുള്ളതാണെന്ന ഉത്തമ വിശ്വാസത്തോടെ താൻ ജീവിക്കുന്ന കാലഘട്ടത്തെ അഭിമുഖീകരിക്കാനും ഭാവിയിലേക്ക് ചുവടുവയ്ക്കാനുമുള്ള മാനസിക പരിവർത്തനഘട്ടമാണ് റംസാൻ.
നിർബന്ധ വ്രതാനുഷ്ഠാനം വിശപ്പും ദാഹവും എന്തെന്ന് സ്വയം തിരിച്ചറിയാനും പട്ടിണികിടക്കുന്നവരിലേക്കും ദുർബലരിലേക്കും കണ്ണെത്തുന്നതിനും അവസരമേകുന്നു. സഹജീവി സ്നേഹത്തിന്റെ കരുണയൂറുന്ന മനസിനും തെറ്റുകളിൽ നിന്ന് വിട്ട് നിൽക്കാനും സത്കർമങ്ങൾ ചെയ്യാനും പ്രേരണയാകുന്നു. മനസും ശരീരവും സംസ്കരിച്ചെടുക്കുകയെന്ന ദൗത്യ നിർവഹണം പൂർത്തീകരിക്കുകയാണ് ഇവിടെ വ്രതാനുഷ്ഠാനം. അന്നപാനീയങ്ങൾ ഉപേക്ഷിച്ചും പട്ടിണി കിടന്നും ദൈവത്തിന് സമർപ്പിക്കുക എന്നത് മനസുകൊണ്ടും ചിന്തകൊണ്ടുമുള്ള അർപ്പണമാണ്. എന്നാൽ സ്വയം തിരുത്താൻ തയ്യാറാവാത്ത, തിന്മയുടെ പാതയിൽ നിന്ന് അകലാത്ത, ജീവിതത്തിലെ സംഭവിച്ചുപോയ വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് പോകാനാവാത്ത വ്രതാനുഷ്ഠാനം ഫലം ചെയ്യുകയില്ല. കള്ളവാക്കുകളും ദുഷ്പ്രവൃത്തികളും ദുഷ്ചിന്തയും ഉപേക്ഷിക്കാത്തവൻ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കിയത് കൊണ്ട് അള്ളാഹുവിന് ഒരു കാര്യവുമില്ലെന്ന് പ്രവാചക തിരുമേനി (സ) ഓർമിപ്പിക്കുന്നു. ദൈവാനുഗ്രഹം, പാപമോചനം, നരകമോക്ഷം എന്നിങ്ങനെ വിശ്വാസപാതയിലെ മൂന്ന് അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റപ്പെടാൻ അരങ്ങൊരുക്കുകയാണ് ഈ വ്രതമാസം. അള്ളാഹുവിൽ പൂർണമായി സ്വയം സമർപ്പിക്കുകയും പുണ്യകർമ്മങ്ങൾ നിർവഹിച്ച് കർത്തവ്യ ബോധത്തോടെ ജീവിക്കുകയും ചെയ്യുമ്പോൾ ആരാധനാധന്യമായ ഒരു ജീവിതം നയിക്കാൻ കഴിയും.
മുഹമ്മദ് നബി (സ) അനുചരന്മാരോട് പറഞ്ഞു : ''പുണ്യമാസമായ റംസാൻ ഇതാ വന്നെത്തിയിരിക്കുന്നു. അള്ളാഹു അവന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിങ്ങളെ ആവരണം ചെയ്യാൻ പോവുന്നു. പാപങ്ങൾ മായ്ച്ചു കളയപ്പെടും. പ്രാർത്ഥനകൾ സ്വീകരിക്കപ്പെടും. ദൈവപ്രീതിക്കായുള്ള നിങ്ങളുടെ കിടമത്സരം അള്ളാഹു നോക്കിക്കാണുന്നു. അവൻ നിങ്ങളെ മുൻനിറുത്തി മാലാഖമാരോട് അഭിമാനം പങ്കുവയ്ക്കുന്നതാണ് ''.
പിശാചിനെ തടവിലാക്കുന്ന ഈ വിശുദ്ധ ദിനരാത്രങ്ങളിൽ അള്ളാഹുവിലേക്ക് കൂടുതൽ അടുക്കാനുള്ള കർമ്മങ്ങൾ ചെയ്യണം. മുൻകാലങ്ങളിൽ ചെയ്തുപോയ പാപങ്ങൾ പൊറുക്കുന്നതിനായി മനമുരുകി അള്ളാഹുവോട് പ്രാർത്ഥിക്കണം. നോമ്പിനെ ഒരു പരിചയായിട്ടു കൂടിയാണ് പ്രവാചകൻ സഹാബികൾക്ക് വിശദീകരിച്ചത്. തിന്മകളെ പ്രതിരോധിക്കാനുള്ള ഒരു പരിചയാണ് നോമ്പെന്ന്. '' നോമ്പിന്റെ നാളുകളിൽ അനാവശ്യം പറയുകയോ കോലാഹലമുണ്ടാക്കുകയോ അരുത്. ആ രൂപത്തിൽ ആരെങ്കിലും സമീപിച്ചാൽ, താൻ നോമ്പുകാരനാണെന്ന് അവനോട് പറയുക.""നന്മകൾ വ്യാപിപ്പിക്കുകയും തിന്മ തടയുകയുമാണ് ഇസ്ളാമിക ആശയങ്ങളുടെ സംഗ്രഹം. വ്രതമെന്ന ആത്മശിക്ഷണത്തിലൂടെ തിന്മകളെ വെറുക്കാനും നന്മകളെ അധികരിപ്പിക്കാനുമുള്ള മനസാന്നിധ്യം നേടിയെടുക്കാനാവും. ഖുറാൻ പിറവിയുടെ ആഘോഷമായ ഈ മാസത്തിൽ ഖുർ ആൻ പാരായണത്തിലൂടെയും അത് നൽകുന്ന സന്ദേശമുൾക്കൊണ്ട് ജീവിതം അർത്ഥപൂർണമാക്കുകയും ചെയ്യുന്നതിലൂടെയാണ് വിശ്വാസി വിജയം കൈവരിക്കുന്നത്. വിശുദ്ധ ഖുർആൻ പറയുന്നു '' ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുറാൻ അവതരിക്കപ്പെട്ട മാസമാകുന്നു റംസാൻ. അതുകൊണ്ട് ആര് ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ''(അൽബഖറ) റംസാൻ അതിരില്ലാത്ത പ്രാർത്ഥനകളുടേതാണ്. നിരന്തരമായ ആരാധനകളുടേതാണ്. അനന്തമായ വിശുദ്ധപ്രവൃത്തികളാൽ നിറയുന്ന രാപകലുകളാണ് റംസാനിന്റെ വശ്യത. ഭൗതികമോഹങ്ങൾ നിയന്ത്രിച്ച് ആഢംബരങ്ങളും ധൂർത്തും അനാശാസ്യങ്ങളും വെടിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങൾ ഉപേക്ഷിച്ച് പരദൂഷണങ്ങളും പരിഹാസങ്ങളും മാറ്റിവച്ച് മനുഷ്യൻ സ്വയം മാറുകയാണ്.
സഹജീവിയുടെ ദുഃഖമറിയാൻ അവരുടെ ജീവിതഭാരങ്ങളേറ്റു വാങ്ങാൻ തന്നാൽ കഴിയുന്ന സഹായ സൗകര്യങ്ങൾ നൽകുന്നതിനും ജീവിതകാലത്തേക്കുള്ള പരിശീലനമാണ് റംസാൻ നൽകുന്ന മറ്റൊരു അനുഭവം. ഭൗതിക ജീവിത സാഹചര്യങ്ങൾ നമ്മിലുണ്ടാക്കുന്ന ആവേശത്തള്ളിച്ചയുടെയും വിശ്രമരഹിതമായ പ്രയാണത്തിന്റെയും ആർത്തിയുടെയും ആസക്തിയുടെയുമെല്ലാം മുന്നിൽ ദൃഢമായ ദൈവവിശ്വാസത്തിന്റെ ഒരു പ്രതിരോധമുണ്ടാകുകയും പൈശാചികമായ പ്രേരണകളെ തടഞ്ഞുനിർത്തി ദൈവീകമാർഗത്തിൽ സ്വയം സമർപ്പിക്കാനും, സത്യത്തിന്റെയും നന്മയുടെയും ജീവകാരുണ്യത്തിന്റെയും നിതാന്തമായ പ്രാർത്ഥനകളുടെയും മാർഗത്തിൽ ചലിക്കുന്നതിനുമുള്ള പ്രചോദനകാലമാണ് റംസാൻ.
സമ്പത്തും സന്താനങ്ങളും അധികാരങ്ങളും പ്രസിദ്ധിയും ഒന്നുമല്ല ജീവിതമെന്നും അതിനപ്പുറത്തേക്ക് പാപക്കറയേൽക്കാത്ത അതീവ ജാഗ്രത നിറഞ്ഞ സൂക്ഷ്മതയാണ് മനുഷ്യന് വേണ്ടതെന്നും റംസാൻ നമ്മെ പഠിപ്പിക്കുന്നു. ഭീകരതയും വർഗീയതയും വംശീയതയും നിറഞ്ഞു നിൽക്കുന്ന വർത്തമാന കാലത്ത് യഥാർത്ഥ വിശ്വാസി ആരാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുതകുന്ന സന്ദർഭമാണ് റംസാൻ. വ്രതാനുഷ്ഠാനത്തിലുള്ള ഒരു മുസ്ളിമിന്റെ സ്വഭാവം എവ്വിധമാണോ അതായിരിക്കും ജീവിതകാലം മുഴുക്കെയുള്ള യഥാർത്ഥ മുസ്ളിം സ്വഭാവം. വിനയും ലാളിത്യവും സത്യസന്ധതയും ത്യാഗമനോഭാവവും സഹജീവി സ്നേഹവും സൗഹാർദ്ദവും ഭക്തിയും സൂക്ഷ്മതയും നിലനിറുത്തിപ്പോരുന്ന വ്യക്തിത്വം. ആഢംബരവും ധൂർത്തുമില്ലാത്ത ജീവിത ലാളിത്യത്തിന്റെ നേർരൂപമാണ് യഥാർത്ഥ സത്യവിശ്വാസി.