പരപ്പനങ്ങാടി: കൊച്ചി - കോഴിക്കോട് റൂട്ടിൽ 23 കിലോമീറ്ററോളം ദൂരം കുറയ്ക്കാൻ സഹായിക്കുന്നതും പരപ്പനങ്ങാടി - താനൂർ നഗരസഭകളെ ബന്ധിപ്പിക്കുന്നതുമായ കെട്ടുങ്ങൽ - ഒട്ടുംപുറം പാലം നിർമ്മാണം പൂർത്തിയായി മൂന്നുവർഷമായിട്ടും അപ്രോച്ച് റോഡില്ലാത്തിനാൽ നോക്കുകുത്തിയാവുന്നു. നിർദിഷ്ട തീരദേശ ഹൈവേയിലെ ഏറ്റവും വലിയ പാലമാണിത്.
അഴിമുഖത്ത് 23 കോടി രൂപ ചിലവിൽ നിർമ്മിച്ച പാലത്തിന് 210 മീറ്ററാണ് നീളം. പതിനൊന്നര മീറ്റർ വീതിയിൽ ഇരട്ടപാതയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഒന്നര മീറ്റർ വീതിയിൽ ഇരു ഭാഗങ്ങളിലും നടപ്പാതകളുമുണ്ട്. ഏഴു സ്പാനുകളും എട്ടു തൂണുകളുമാണുള്ളത്. നാവിക ജലഗതാഗത റൂട്ടായതിനാൽ മദ്ധ്യഭാഗത്തെ ഉയരം ഏഴര മീറ്ററാണ്. മികച്ച സൗകര്യങ്ങളെ കോടികൾ ചിലവിട്ട് സമയപരിധിക്കുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കിയ പദ്ധതിക്ക് ഇരുഭാഗത്തും അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കാനാവാത്തതാണ് തിരിച്ചടിയായത്.
താനൂർ മണ്ഡലത്തിലാണ് ഇനി സ്ഥലം ഏറ്റെടുക്കാനുള്ളത്. പരപ്പനങ്ങാടിയിൽ സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും താനൂരിൽ ഏറ്റെടുക്കാത്തതിനാൽ കരാർ കമ്പനി പിന്മാറി. പരപ്പനങ്ങാടി ഭാഗത്ത് ടിപ്പുസുൽത്താൻ റോഡ് നവീകരണത്തിന്റെ ഭാഗമായി അപ്രോച്ച് റോഡ് നിർമാണം നടക്കുന്നുണ്ട്.
അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയായാൽ ജില്ലയിലെ ഗതാഗത രംഗത്തെ മികച്ച പദ്ധതികളൊന്നാവുമിത്. ജില്ലയിലെ പ്രധാന അപകട വളവുകളായ വട്ടപ്പാറ, പാണമ്പ്ര തുടങ്ങിയ സ്ഥലങ്ങളെ ഒഴിവാക്കാനും ദേശീയ പാതയിൽ വളവുകളും തിരിവുകളും ഏറെയുള്ള ഇടങ്ങളും ഒഴിവാക്കി സഞ്ചരിക്കാനും പാലം ഉപകരിക്കു.