എടപ്പാൾ: കുറ്റിപ്പുറം ചൂണ്ടൽ സംസ്ഥാനപാതയിലെ പ്രധാന ടൗണുകളിൽ ഒന്നായ എടപ്പാൾ ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനാവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമാണ് അറ്റകുറ്റപണികൾ ആരംഭിച്ചത്. പൊന്നാനി റോഡിൽ തല തിരിഞ്ഞു നിന്നിരുന്ന സിഗ്നലും ഇതിനോടനുബന്ധിച്ച് ശരിയാക്കിയിട്ടുണ്ട്.
കെൽട്രോണിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. സിഗ്നൽ നിൽക്കുന്ന ഭാഗം ഒഴിവാക്കി കുറ്റിപ്പുറം റോഡിൽ നിന്നും തൃശ്ശൂർ റോഡിൽ നിന്നുമാണ് മേൽപ്പാല നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതായി സൂചന. നിർമ്മാണ പ്രവർത്തികൾ നടക്കുന്ന സമയങ്ങളിൽ ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ പൊലീസിന്റെ സേവനം ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിഗ്നൽ ലൈറ്റുകളുടെ അറ്റകുറ്റ പണികൾ ആരംഭിച്ചിരിക്കുന്നത്.