അങ്ങാടിപ്പുറം: മുഖാവരണത്തിന് വിലക്കേർപ്പെടുത്തിയ എം.ഇ.എസിനെതിരെ പരസ്യ പ്രതിഷേധവുമായി എസ്.വൈ.എസ്. ഇന്നലെ അങ്ങാടിപ്പുറത്ത് പ്രക്ഷോഭ പ്രഖ്യാപനം നടത്തി. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പങ്കാളിത്വത്തിലായിരുന്നു പരിപാടി. മത നിർദേശത്തിന്റെ ഭാഗമായ വേഷവിധാനം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് സംഗമം എം.ഇ.എസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.
മുസ്ലി സമുദായത്തിന്റെ പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തട്ടിയെടുക്കുകയും ഇസ്ലാം വിരുദ്ധ ശക്തികൾ പോലും വിലക്കേർപ്പെടുത്താനും നിയന്ത്രിക്കാനും ധൈര്യപ്പെടാത്ത കാര്യങ്ങളിൽ എം.ഇ.എസ് അടിക്കടി രംഗത്ത് വരുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് യോഗം താക്കീത് ചെയ്തു. പ്രാമാണികമായി അവഗാഹമുള്ള പണ്ഡിതന്മാർ മാത്രം അഭിപ്രായം പറയുകയും നിലപാട് വ്യക്തമാക്കുകയും ചെയ്യേണ്ട മത വിഷയങ്ങളിൽ ഭൗതിക രംഗത്ത് മാത്രം പ്രവർത്തിക്കുന്നവർ ഇടപെടുന്നത് ഗുരുതര ഭവിഷ്യത്തുണ്ടാക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെ പേരിൽ നേടിയെടുത്ത സ്ഥാപനങ്ങളിൽ മുസ്ലിം വ്യക്തി സ്വാതന്ത്ര്യത്തെ തടയുന്ന നടപടി എം.ഇ.എസ് പിൻവലിക്കണമെന്ന് തങ്ങൾ പറഞ്ഞു. മുസ്ലിം വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിൽ സർക്കുലറക്കിയതിലൂടെ എം.ഇ.എസ്. പൗരവാകാശ ലംഘനവും ശരീഅത്തിനെ അപഹസിക്കുകയുമാണ് ചെയ്തതെന്നും തങ്ങൾ പറഞ്ഞു. ചെറുവാളൂർ ഹൈദ്രൂസ് മുസ് ലിയാർ പ്രാരംഭ പ്രാർത്ഥന നടത്തി.
ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, സയ്യിദ് കെ.കെ.സി.എം തങ്ങൾ വഴിപ്പാറ, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി, കാടാമ്പുഴ മൂസ ഹാജി, കാളാവ് സൈതലവി മുസ്ലിയാർ, സി അബ്ദുല്ല മൗലവി, സി.എച്ച് ത്വയ്യിബ് ഫൈസി, ഷാഹുൽ ഹമീദ് മേൽമുറി, സലീം എടക്കര, ഹസൻ സഖാഫി പൂക്കോട്ടൂർ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സി.കെ ഹിദായത്തുല്ലാഹ്, പി.കെ ലത്തീഫ് ഫൈസി, ഇബ്റാഹീം ഫൈസി തിരൂർക്കാട്, ഹംസ ഹൈതമി, എൻ.ടി.സി മജീദ്, സൈദുട്ടി ഹാജി, അബു ഹാജി, ഒ.കെ.എം മൗലവി, സംബന്ധിച്ചു. ശമീർ ഫൈസി ഒടമല സ്വാഗതവും ശമീർ ഫൈസി പുത്തനങ്ങാടി നന്ദിയും പറഞ്ഞു.