തിരൂരങ്ങാടി: ജില്ലയിൽ അപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ നിയമലംഘനങ്ങൾ നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. റോഡിൽ ഗതാഗത തടസ്സം രൂപപ്പെട്ട സമയത്ത് ക്യൂ പാലിക്കാതെ മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്ന വിധത്തിൽ ഓടിച്ച ബസ്സിലെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ എം.വി.ഐ സി.പി ഷബീർ മുഹമ്മദ് ശിപാർശ ചെയ്തു.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ജില്ലാ ആർ.ടി.ഒ ടി.ജി ഗോഗുൽ മഫ്തിയിലെത്തി നിയമലംഘനങ്ങൾ കണ്ടെത്തി. ബസുകളുടെ അമിത വേഗത, ടിക്കറ്റ് പരിശോധന തുടങ്ങിയവയാണ് പരിശോധിച്ചത്. കല്ലട, എവൺ, പികെ ട്രാവൽസ്, എന്നീ അന്തർസംസ്ഥാന ബസുകൾക്കെതിരെയും നടപടിയെടുത്തു. കൂടാതെ പിതാവിനെ പിറകിലിരുത്തി 11 വയസ്സുകാരൻ ഓടിച്ച ബൈക്ക് ഉൾപ്പെടെ മൂന്ന് കുട്ടി ഡ്രൈവർമാരെയും പിടികൂടി.
കൈകാണിച്ചാൽ നിർത്താതെ പോവുന്ന വാഹനങ്ങൾക്കെതിരെ നമ്പർ നോക്കി മൊബൈൽ ആപ്പിലൂടെ ഉടമസ്ഥനെ കണ്ടെത്തി നടപടിയെടുക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ നടന്ന പരിശോധനയിൽ മാത്രം 111 കേസുകളിലായി 1,17000 രുപ പിഴ ഈടാക്കി. പരിശോധനയ്ക്ക് ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടി ജി ഗോകുൽ, എം.വി.ഐ സി.പി ശബീർ മുഹമ്മദ്, എ.എം.വി.ഐമാരായ കെ ആർ. റഫീഖ്, ഫസൽ റഹ്മാൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
ജില്ലയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് അവധിക്കാലത്തും റംസാൻ മാസങ്ങളിലുമായതിനാൽ നോമ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ബോധവൽക്കരണവുമായി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. നോമ്പിന് വീട്ടിലെത്താനുള്ള ധൃതിയിൽ വൈകിട്ട് 4 മണി മുതൽ വാഹനങ്ങൾ അമിത വേഗതയിൽ ഓടിക്കുന്നതാണ് അപകട സാധ്യത വർദ്ധിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ ബോധവൽക്കരണം നടത്തി അപകടം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ആർ.ടി.ഒ ടി ജി ഗോഗുൽ പറഞ്ഞു.
ലൈസൻസില്ലാതെ വാഹനമോടിച്ച 233, ഹെൽമറ്റ് ധരിക്കാതെ 611, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ച 37, ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചത് 265, രൂപമാറ്റം വരുത്തിയ വാഹനങ്ങൾ 192, ഗുഡ്സ് വാഹനങ്ങളിൽ ഓവർലോഡ് 88 കേസുകൾ, എയർ ഹോൺ70 കേസുകൾ തുടങ്ങിയ 2,000 കേസുകളിലായി 20 ലക്ഷം രൂപയോളം ഏപ്രിൽ മാസത്തിൽ പിഴ ഈടാക്കി.