sslc
.

മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയ്ക്ക് മിന്നുംജയം. 97.86 ആണ് ജില്ലയുടെ വിജയശതമാനം. 80,​052 പേർ പരീക്ഷ എഴുതിയപ്പോൾ 78,​335 പേർ വിജയിച്ചു. 2018നെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ 0.10 ശതമാനത്തിന്റെ വർദ്ധനവുണ്ട്. കഴിഞ്ഞ വർഷം 97.76 ശതമാനമായിരുന്നു വിജയം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഉപരിപഠനത്തിന് യോഗ്യത നേടിയത് മലപ്പുറത്താണ്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയതിലും മുന്നിൽ ജില്ലയാണ്. 5,​970 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ തവണയിത് 5,702 ആയിരുന്നു.
കഴിഞ്ഞ വർഷം 140 സ്കൂളുകൾക്ക് നൂറ് ശതമാനം വിജയം ലഭിച്ചപ്പോൾ ഈ വർഷമിത് 144 സ്കൂളുകളായി ഉയർന്നു. എന്നാൽ കഴിഞ്ഞ വർഷം സംസ്ഥാനാടിസ്ഥാനത്തിൽ പത്താം സ്ഥാനത്തായിരുന്നെങ്കിൽ ഇത്തവണ ഒരടി പിന്നോട്ടുപോയത് വിജയ ശതമാനത്തിന്റെയും എ പ്ലസുകളുടെയും തിളക്കത്തിനിടയിലും തിരിച്ചടിയായി.
എടരിക്കോട് പി.കെ.എം. എച്ച്.എസ്.എസ് സ്കൂളാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ചത്. 2,409 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ 2,405 വിദ്യാർത്ഥികൾ വിജയിച്ചു. 99.83 ശതമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എ പ്ലസ് കരസ്ഥമാക്കിയ സ്കൂളെന്ന ബഹുമതി എടരിക്കോട്ടെ പി.കെ.എം.എച്ച്.എസ്.എസ് നേടി. 283 കുട്ടികൾക്കാണ് എപ്ലസ് ലഭിച്ചത്. 1,262 കുട്ടികളെ വിജയിപ്പിച്ച് പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കരയും 1,085 കുട്ടികളുമായി എ.കെ.എം. എച്ച്.എസ്.എസ് കോട്ടൂരും വിദ്യാർത്ഥികളുടെയും എ പ്ലസിന്റെയും എണ്ണത്തിൽ തൊട്ടുപിറകിലുണ്ട്. കൊട്ടൂക്കരയിൽ 206 ഉം,​ കോട്ടൂരിൽ 124 കുട്ടികളും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.

2017ൽ 3,640ഉം 2016ൽ 3,555 കുട്ടികൾക്കുമാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. എസ്.എസ്.എൽ,സി വിജയശതമാനം പടിപടിയായി ഉയർത്താൻ ലക്ഷ്യമിട്ട് മലപ്പുറം ജില്ലാ പഞ്ചായത്ത് 2001ൽ തുടങ്ങിയ വിജയഭേരി പദ്ധതി വിജയത്തിൽ നിർണ്ണായകമായിട്ടുണ്ട്. ത്രിതല പഞ്ചായത്ത് ഭരണകൂടങ്ങൾ രാഷ്ട്രീയ വ്യത്യാസമില്ലാതെ പദ്ധതിയെ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ വിജയഭേരി സംസ്ഥാനത്തിന് തന്നെ മാതൃകയായ പദ്ധതിയായി. ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്ക് പ്രത്യേക കൈ പുസ്തകങ്ങൾ, മാതൃകാ ചോദ്യങ്ങൾ, പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനങ്ങൾ, എ പ്ലസ് വർദ്ധിപ്പിക്കുന്നതിനായി എ പ്ലസ് ക്ലബ്ബുകൾ, മോട്ടിവേഷൻ ക്ലാസുകൾ, സഹവാസ ക്യാമ്പുകൾ, ഗൃഹ സന്ദർശനങ്ങൾ എന്നിവ വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളുകളിൽ നടത്തിയിരുന്നു.


കഴിഞ്ഞ നാല് വർഷത്തെ
എസ്.എസ്. എൽ.സി വിജയശതമാനം
2016 - 95.56
2017 - 95.53
2018 - 97.76

2019 - 97.86