തേഞ്ഞിപ്പലം: സ്വാതന്ത്ര്യ സമര സേനാനികളെ വാർത്തെടുക്കുന്നതിനായി മങ്കട പള്ളിപ്പുറത്ത് നടന്ന കെ.പി.സി.സി സമ്മർ സ്കൂളിന് 79 വയസ്സാകുന്നു. 1939 മെയ് എട്ട് മുതൽ ജൂൺ അഞ്ച് വരെ പി.കൃഷ്ണപിള്ള, മുഹമ്മദ് അബ്ദുറഹ്മാൻ, ഇ.എം.എസ് നമ്പൂതിരിപ്പാട്, കെ. ദാമോദരൻ എന്നിവരുടെ നേത്യത്വത്തിൽ നടന്ന ക്യാമ്പിൽ 79 വളണ്ടിയർമാർക്കാണ് പരിശീലനം നൽകിയത്.
ഇൻക്വിലാബ് സിന്ദാബാദ് കോൺഗ്രസ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങൾ മുഴങ്ങിയ സമ്മർ സ്കൂളിന്റെ ലക്ഷ്യം സ്വാതന്ത്രസമരം ജനകീയമാക്കുന്നതിന് ' ഐക്യഅണി' കെട്ടിപ്പടുക്കുകയും രാഷ്ട്രീയ വിദ്യാഭ്യാസം നേടിയ സമരസേനാനികളെ പരിശീലിപ്പിക്കുകയുമായിരുന്നു. മങ്കട പള്ളിപ്പുറത്തെ ചീരക്കുഴിയിൽ വിലങ്ങപ്പുറത്ത് വീട്ടിലാണ് ക്യാമ്പ് നടന്നത്. ടി.ജെ ജോർജ്ജായിരുന്നു ക്യാമ്പ് പ്രിൻസിപ്പൽ. എൻ.സി ശേഖർ, എസ് സുബ്രഹ്മണ്യശർമ്മ, ഇമ്പിച്ചിബാവ എന്നിവരും ക്യാമ്പിലെ അംഗങ്ങളായിരുന്നു.
ക്യാമ്പ് നടത്തുന്നതിനായി സെയ്തുട്ടി,സൂപ്പിഹാജി എന്നിവർ അവരുടെ വിലങ്ങപ്പുറത്ത് വീട് വിട്ടുനൽകി. വീടിന് പിന്നിൽ വലിയ പന്തൽകെട്ടിയാണ് ക്ലാസുകളും പരിശീലനവും നടന്നത്. പൂമ്പുള്ളി കൃഷ്ണൻ നമ്പൂതിരി നശിക്കാതെ കാത്തുസൂക്ഷിച്ച ഈ നോട്ടുകൾ ഡോ. പി ശിവദാസന്റെ നേത്യത്വത്തിലുള്ള കാലിക്കറ്റ് സർവ്വകലാശാലയിലെ ഗവേഷകർ പരിശോധിച്ചിരുന്നു. കൃഷ്ണൻ നമ്പൂതിരി മങ്കട പള്ളിപ്പുറം സ്വദേശിയും ക്യാമ്പിലെ അംഗവുമായിരുന്നു. ഇദ്ദേഹത്തിന്റെ മകനായ വാസുദേവൻ നമ്പൂതിരിയാണ് ഈ കുറിപ്പുകൾ ഗവേഷകരെ കാണിച്ചത്. മതമൈത്രി, സ്വരാജ്യസ്നേഹം, ഹിന്ദി പ്രചാരണം, പുരോഗമന മാറ്റങ്ങൾ എന്നിവ ലക്ഷ്യമിട്ട് യൂനിയൻ വായനശാല മൈത്രി, സാഹിത്യദീപിക, സഹൃദയൻ എന്നീ കൈയ്യെഴുത്ത് മാസികകൾ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലായിരിക്കണം മങ്കട പള്ളിപ്പുറത്തെ സമ്മർ ക്യാമ്പിന്റെ കേന്ദ്രമാക്കിയതെന്നാണ് ഗവേഷകരുടെ നിഗമനം.