എടക്കര: ടൗണിലെ മാലിന്യ പ്രശ്നം ചൂണ്ടിക്കാട്ടി എടക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. ഹരിത കേരള മിഷനിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മാലിന്യങ്ങൾ തരംതിരിച്ച് കയറ്റി അയക്കുന്നതിന് പ്രവർത്തിച്ച ഹരിത കർമ സേനാംഗങ്ങൾക്ക് അഞ്ച് മാസമായി വേതനം നൽകാത്തതിലും ഹരിത കർമ സേനയുടെ പ്രവർത്തിനാവശ്യമായ ബൈലോ തയാറാക്കി അംഗീകാരം വാങ്ങാത്തതിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷാംഗങ്ങളായ സി.പി.എമ്മിലെ എം.കെ. ചന്ദ്രൻ, സന്തോഷ് കപ്രാട്ട്, വെല്ലിങ്ടൺ സാമുവൽ, ഉഷ രാജൻ, ഷൈനി അജേഷ്, റോയി പട്ടംതാനം എന്നിവർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോക്ക് നടത്തിയത്.
ഗ്രാമപ്രദേശങ്ങളിൽ നിന്നും ശേഖരിച്ച് കൂട്ടിയ മാലിന്യങ്ങൾ എടക്കര ടൗണിൽ കൃഷിഭവന്റെയും, സർക്കിൾ ഓഫീസിന്റെയും സ്വകാര്യ ആശുപത്രികളുടെയും പരിസരത്ത് കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയിട്ട് അഞ്ച് മാസത്തിലേറെയായി. മൂന്ന് മാസം മുമ്പാണ് പഞ്ചായത്തിൽ ഹരിതകർമ്മ സേനയുടെ രൂപവത്കരണം നടന്നത്. സേനയുടെ പ്രവർത്തനങ്ങളും പദ്ധതിയും വിശദീകരിക്കുന്ന ബൈലോ തയാറാക്കി പ്രദർശിപ്പിച്ച് ഭേദഗതികൾ വരുത്തിയ ശേഷം മാത്രമേ നടപ്പിലാക്കാൻ പാടുള്ളു. എന്നാൽ, നേരത്തെ ഭരണസമിതി തയാറാക്കിയ ബൈലോ ബോർഡ് യോഗത്തിൽ വിശദീകരിക്കാതെ അംഗീകാരം നേടാൻ ശ്രമിച്ചതോടെ പ്രതിപക്ഷം എതിർപ്പുകൾ ഉന്നയിച്ചു.
ഇതോടെ പദ്ധതി പാളി. ഇതിനിടെ ഹരിതകർമ്മ സേനയിൽ അംഗങ്ങളായി ചേർന്നവർ പത്ത് ദിവസത്തോളം മാലിന്യങ്ങൾ ശേഖരിക്കുകയും തരം തിരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർക്ക് വേതനം നൽകാത്തതിനാൽ സേനയുടെ പ്രവർത്തനവും, മാലിന്യ നീക്കവും അവതാളത്തിലായി. റോഡരികിൽ ശേഖരിച്ച് വച്ചിട്ടുള്ള ചാക്കുകൾ ദ്രവിച്ച് മാലിന്യങ്ങൾ ചിതറിക്കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് പുറമെ ശേഖരിച്ച മാലിന്യങ്ങൾ തരം തിരിക്കാതെ കിടക്കുന്നതിനാൽ ടൗണും പരിസരവും ദുർഗന്ധപൂരിതമായിരിക്കുകയുമാണ്