മഞ്ചേരി:പൊതു മാലിന്യ സംസ്കരണത്തിനു പദ്ധതികൾ വൈകുമ്പോൾ മഞ്ചേരിയിലെ പുതിയ ബസ്റ്റാന്റിനെ മാലിന്യങ്ങൾ വിഴുങ്ങുന്നു. ആയിരക്കണക്കിനു യാത്രക്കാർ വന്നു പോവുന്ന സ്റ്റാന്റ് പരിസരത്ത് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നത് പതിവാണ്. മാലിന്യങ്ങൾ കുമിയുമ്പോൾ തെരുവിനായ ശല്യവും നഗരത്തിൽ പെരുകുന്നു. മഞ്ചേരി പാണ്ടിക്കാട് റോഡിലെ സീതിഹാജ് ബസ്റ്റാന്റ് പരിസരത്ത് കഴിഞ്ഞ ദിവസം അനധികൃതമായി കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിനു തീപ്പിടിച്ചിരുന്നു.
പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ആളിക്കത്തിയത് പരിഭ്രാന്തി പരത്തിയെങ്കിലും ഫയർഫോഴ്സിന്റെ അവസരോചിതമായ ഇടപെടലോടെയാണ് തീയണക്കാനായത്. തുടർന്നുള്ള ദിവസങ്ങളിലും ബസ്റ്റാന്റ് പരിസരത്ത് മാലിന്യങ്ങൾ കുമിയുന്ന കാഴ്ചയാണുള്ളത്. ചാക്കുകളിൽ കെട്ടി വൻതോതിലാണ് മാലിന്യ നിക്ഷേപം. രാത്രിയുടെ മറവിൽ മാലിന്യങ്ങൾ സ്റ്റാന്റ് പരിസത്തു തള്ളുകയാണെന്ന് ബസ് തൊഴിലാളികൾ പറയുന്നു. കടുത്ത ആരോഗ്യ ഭീഷണിയാണ് ഇവയുയർത്തുന്നത്.വിവിധ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും കൊണ്ടുവന്നിടുന്ന മാലിന്യങ്ങൾ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എരിഞ്ഞു നീറിക്കിടക്കുന്ന സ്ഥിതിയാണ് ബസ് സ്റ്റാന്റ് പരിസരത്തേത്.
വിവിധയിടങ്ങളിലേക്കുള്ള ആയിരക്കണക്കിനു യാത്രക്കാരും നൂറുകണക്കിനു ബസുകളും നിത്യവും കയറിയിറങ്ങുന്ന നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനിലാണ് ഈ അവസ്ഥ.
നഗരത്തിനു പുറമെ പുറത്തു നിന്നും മാലിന്യങ്ങൾ വാഹനങ്ങളിലെത്തിച്ചു ബസ്റ്റാന്റ് പരിസരത്തു തള്ളുകയാണെന്നും ഇതിനെതിരെ നടപടിയില്ലെങ്കിൽ പ്രക്ഷോഭമാരംഭിക്കുമെന്നും ബസ് തൊഴിലാളി യൂണിയൻ വ്യക്തമാക്കി. ജനവാസ മേഖലകളിലും നിത്യ ചന്തയിലും മാലിന്യ സംസ്കരണം വെല്ലുവിളിയുയർത്തുന്ന സാഹചര്യത്തിൽ ഹരിത നഗരം പദ്ധതി മഞ്ചേരിയിൽ നടപ്പാക്കുമെന്നു നഗരസഭ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രശ്ന പരിഹാരം വൈകുകയാണ്. വ്യാപാരികൾക്കിടയിലും മാലിന്യാതിപ്രസരത്തിൽ പ്രതിഷേധം ശക്തമാണ്.