മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷാഫലത്തിന് പിന്നാലെ പ്ലസ്ടു റിസൾട്ടിലും മികവ് തെളിയിച്ച് മലപ്പുറം. ഉപരിപഠനത്തിന് യോഗ്യത നേടിയവരുടെ എണ്ണത്തിലും മുഴുവൻ എപ്ലസ് നേടിയവരുടെ എണ്ണത്തിലും മലപ്പുറമാണ് മുന്നിൽ. ഹയർ സെക്കൻഡറി സ്കൂൾ ഗോയിംഗ് വിഭാഗത്തിൽ 86.84 ശതമാനം വിദ്യാർത്ഥികളാണ് ഇത്തവണ ഉപരിപഠന യോഗ്യത നേടിയത്. കഴിഞ്ഞ തവണ 85.52 ശതമാനമായിരുന്നു വിജയം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തുകയും കൂടുതൽ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടുകയും ചെയ്ത ജില്ലയെന്ന നേട്ടം ഇത്തവണയും മലപ്പുറത്തിനാണ്. ജില്ലയിലെ 245 സ്കൂളുകളിലായി 54884 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 47664 പേർ ഉപരിപഠന യോഗ്യത നേടി. കഴിഞ്ഞ വർഷം 46110 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയിരുന്നത്.
ടെക്നിക്കൽ എച്ച്.എസ്.എസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 264 വിദ്യാർത്ഥികളിൽ 193 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 73.11 ശതമാനം വിജയം. 81.63 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തിയ മലപ്പുറത്ത് 45.47 ശതമാനത്തിന്റെ വിജയം നേടാനായി. 20180 പേർ പരീക്ഷ എഴുതിയപ്പോൾ 9175 പേർ വിജയിച്ചു. 64 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസുണ്ട്. 37.85 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയ സർക്കാർ സ്കൂൾ തിരൂരങ്ങാടി ജി.എച്ച്.എസ്.എസാണ്. 605 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്.
പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ നിന്ന് 1937 വിദ്യാർത്ഥികളാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം 1990 വിദ്യാർത്ഥികളാണ് ഈ നേട്ടം കൈവരിച്ചത്. എച്ച്.എസ്.എസ് സ്കൂൾ ഗോയിംഗ് വിഭാഗത്തിൽ ജില്ലയിൽ 1865 പേർ എ പ്ലസ്നേടി(കഴിഞ്ഞ വർഷം 1935). ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ എട്ട് പേരും (കഴിഞ്ഞ വർഷവും എട്ട്), ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 64 (കഴിഞ്ഞ വർഷം 47) വിദ്യാർത്ഥികളുമാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. വി.എച്ച്.എസ്.ഇയിൽ എട്ട് വിദ്യാർത്ഥികളും ഫുൾ എപ്ലസ് നേടി.
പാലേമാട് എസ്.വി.എച്ച്.എസ്.എസിന് മികച്ച നേട്ടം
എടക്കര: എച്ച്.എസ്.എസ് പരീക്ഷയിൽ 1200ൽ മുഴുവൻ മാർക്കും നേടി മലയോര മേഖലയിലെ അഞ്ച് വിദ്യാർത്ഥികൾ ശ്രദ്ധേയരായി. പാലേമാട് ശ്രീ വിവേകാനന്ദ എച്ച്.എസ്.എസിലെ ടി. അഭിരാമി തുളസീധരൻ, കെ.പി. ഫാരിസ, ഗൗരി കൃഷ്ണ എസ്. കുമാർ, എസ്.എസ്. ദേവീ ചന്ദന, പി.വി. നന്ദന എന്നിവരാണ് മുഴുവൻ മാർക്കും നേടി നാടിന് അഭിമാനമായത്. കരുനെച്ചി റിട്ട. അദ്ധ്യാപകൻ വി. തുളസീധരന്റെയും പാലേമാട് എസ്.വി.എച്ച്.എസ്.എസ് അദ്ധ്യാപിക ഉഷാകുമാരിയുടെയും മകളാണ് ടി. അഭിരാമി തുളസീധരൻ. സയൻസ് ഗ്രൂപ്പിലാണ് അഭിരാമി മികവ് തെളിയിച്ചത്. പ്രവാസിയായ കരുനെച്ചിയിലെ കുന്നുംപുറത്ത് മുഹമ്മദ് കോയയുടെയും എടക്കര ഗവ. എച്ച്.എസ്.എസ് സ്കൂൾ അദ്ധ്യാപിക റസിയയുടെയും മകളാണ് കെ.പി. ഫാരിസ. സയൻസ് ഗ്രൂപ്പിലാണ് ഫാരിസയും വിജയം നേടിയത്. പാലേമാട് ശങ്കരംകുളം ശ്രീമംഗലം വീട്ടിൽ പരേതനായ സജികുമാറിന്റെയും പാലേമാട് ശ്രീ വിവേകാനന്ദ എച്ച്.എസ്.എസ് അദ്ധ്യാപിക ഇന്ദുകുമാരിയുടെയും മകളാണ് ഗൗരികൃഷ്ണ എസ്. കുമാർ. കൊമേഴ്സ് ഗ്രൂപ്പിലാണ് വിജയം. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശിയും നിലമ്പൂർ ഐ.സി.ഡി.എസ് ജീവനക്കാരനുമായ സുദർശന്റെയും കാനറ ബാങ്ക് വണ്ടൂർ ശാഖയിലെ ജീവനക്കാരിയായ ഷീജയുടെയും മകളാണ് ദേവീ ചന്ദന. ഹ്യുമാനിറ്റീസ് ഗ്രൂപ്പിലാണ് വിജയം. എടക്കര കാപ്പുണ്ട പെരിച്ചോട്ടത്തിൽ വേലായുധന്റെയും പാലേമാട് വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ അദ്ധ്യാപിക ജയന്തി വേലായുധന്റെയും മകളാണ് പി.വി. നന്ദന. ഹ്യുമാനിറ്റീസ് ഗ്രൂപ്പിലാണ് വിജയം.
തുടർച്ചയായ അഞ്ചാം വർഷമാണ് പാലേമാട് ശ്രീ വിവേകാനന്ദ എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ മുഴുവൻ മാർക്കും നേടുന്നത്
എടരിക്കോട് എച്ച്.എസ്.എസിന് 13-ാം തവണയും നൂറുമേനി
എടരിക്കോട് : എച്ച്.എസ്.എസ് പരീക്ഷയിൽ 13ാം തവണയും നൂറ് ശതമാനം വിജയം നേടി എടരിക്കോട് പി.കെ.എം.എം. എച്ച്.എസ്.എസ് . 100 ശതമാനം വിജയം നേടിയ സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത് ഈ വിദ്യാലയത്തിലാണ്. 77 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. നാല് വിദ്യാർത്ഥികൾ 1200 മാർക്കും നേടി. കെ.ടി.ഫിൽദ , പി.എസ്. കീർത്തന, വി.പി. ഷദീദ്, വി. മുഹമ്മദ് അസ്ലഹ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. എസ്.എസ്.എൽ.സി ഫലത്തിലെ സംസ്ഥാന റെക്കോഡിനൊപ്പം പ്ലസ്ടുവിലെ റെക്കാഡ് വിജയം കൂടിയായപ്പോൾ പി. കെ.എം.എം.എച്ച്.എസ്.എസിന് ഇരട്ടിമധുരമായി. മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ അദ്ധ്യാപകരും മാനേജ്മെന്റും ചേർന്ന് അനുമോദിച്ചു. മാനേജർ ബഷീർ എടരിക്കോട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.മുഹമ്മദ് ഷാഫി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ സി. അനീഷ്, അദ്ധ്യാപകരായ പി.എം. ആഷിഷ് , പി. ഹബീബ്, കെ. നിഷ , കെ.പി നാസർ എന്നിവർ സംസാരിച്ചു.
എം.ഐ ഗേൾസിന്
100 ശതമാനം വിജയം
പൊന്നാനി: പ്ലസ്ടു പരീക്ഷയിൽ തീരദേശത്ത് ചരിത്ര നേട്ടവുമായി പുതുപൊന്നാനി എം.ഐ ജി.എച്ച്.എസ്.എസ്. 100 ശതമാനം വിജയമാണ് സ്കൂൾ നേടിയത്. പരീക്ഷയെഴുതിയ 296 വിദ്യാർത്ഥികളും ഉന്നതപഠനത്തിന് അർഹത നേടി.11 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
പ്ലസ് ടു പരീക്ഷയിൽ കഴിഞ്ഞ ഏതാനും വർഷമായി പൊന്നാനി താലൂക്കിൽ എം.ഐ ഗേൾസ് ഒന്നാം സ്ഥാനത്താണ്. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഏർപ്പെടുത്തിയ മികച്ച വിദ്യാലയത്തിനുള്ള ട്രോഫി രണ്ടു തവണ ലഭിച്ചു.
പത്തു വർഷത്തോളമായി 90 ശതമാനത്തിന് മുകളിലാണ് സ്കൂളിലെ പ്ലസ് ടു വിജയം.
എസ് എസ് എൽ സി പരീക്ഷയിൽ 96.92 ശതമാനം വിജയം നേടാനായി. 11 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനമാണ് പരീക്ഷയ്ക്ക് മുന്നോടിയായി നടക്കാറുള്ളത്. പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു.
മാനവേദൻ സ്കൂളിന് നേട്ടം
നിലമ്പൂർ: എച്ച്.എസ്.എസ് ,വൊക്കേഷണൽ എച്ച്.എസ്.എസ് പരീക്ഷാഫലങ്ങളിൽ നിലമ്പൂർ ഗവ.മാനവേദൻ സ്കൂളിന് മികച്ചനേട്ടം. സംസ്ഥാന ശരാശരിയേക്കാൾ 10 ശതമാനം വർദ്ധനവാണ് എച്ച്.എസ്.എസ് ഫലത്തിലുണ്ടായത്. 386 പേർ എച്ച്.എസ്.എസ് പരീക്ഷയെഴുതിയതിൽ 363പേർ വിജയിച്ചു. 16 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. സയൻസ് വിഭാഗത്തിൽ 97 ശതമാനവും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 93 ശതമാനവും കൊമേഴ്സ് വിഭാഗത്തിൽ 92 ശതമാനവുമാണ് ഇവിടെ വിജയം. വി.എച്ച്.എസ്.എസ് വിഭാഗത്തിൽ നാല് വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. സംസ്ഥാനത്ത് രണ്ട് സ്കൂളുകൾക്കേ ഈ നേട്ടം കൈവരിക്കാനായിട്ടൂള്ളൂ. പരീക്ഷയെഴുതിയ 89പേരിൽ 87പേരും വിജയിച്ചു.
പൂക്കോട്ടുംപാടം സ്കൂളിന് 85.5ശതമാനം വിജയം
നിലമ്പൂർ: പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസിൽ പ്ലസ്ടു പരീക്ഷയിൽ 85.5% വിജയം. ആകെ 372 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 318 പേർ വിജയിച്ചു. ജനറൽ സയൻസ് 97%, കൊമേഴ്സ് 88.28 %, ഹ്യുമാനിറ്റീസ് 82%. കമ്പ്യൂട്ടർ സയൻസ് 73%. ജനറൽ സയൻസ് വിഭാഗം വിദ്യാർത്ഥി എം.എസ് . യാഗ്നിക് 1200 മാർക്കും നേടി സ്കൂളിന് അഭിമാനമായി. സയൻസ് വിഷയത്തിൽ അഞ്ച് വിദ്യാർത്ഥികളും കൊമേഴ്സ് വിഷയത്തിൽ രണ്ട് വിദ്യാർത്ഥികളും എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി.
നൂറുശതമാനം വിജയം
കോട്ടക്കൽ: കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിൽ പ്ലസ്ടു പരീക്ഷയിൽ തുടർച്ചയായി നൂറു ശതമാനം വിജയം. ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിലും സ്കൂൾ തിളക്കമാർന്ന വിജയം കൈവരിച്ചിരുന്നു. 1086 കുട്ടികൾ പരീക്ഷ എഴുതിയതിൽ 1085 കുട്ടികൾ ഉന്നത പഠനത്തിന് യോഗ്യതയും 124 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു.
പ്ലസ്ടു പരീക്ഷയിൽ 176 കുട്ടികളാണ് പരീക്ഷ എഴുതിയത്. 32 കുട്ടികൾ ഫുൾ എ പ്ലസ് നേടി. പരീക്ഷാഫലം വന്നതോടെ കുട്ടികൾ സ്കൂളിലെത്തി. തിളക്കമാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെ പ്രൻസിപ്പൽ അലി കടവണ്ടി, പ്രധാനാദ്ധ്യാപകൻ ബഷീർ കുരുണിയൻ, സ്കൂൾ മാനേജർ കെ. ഇബ്രാഹിം ഹാജി, പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കൽ എന്നിവർ അഭിനന്ദിച്ചു.
ഇരുമ്പുഴി സ്കൂളിന് നൂറ് മേനി
ഇരുമ്പൂഴി : പ്ലസ്ടു റിസൾറ്റ് വന്നപ്പോൾ ഇരുമ്പുഴി ജി.എച്ച്.എസ്.എസിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. എങ്കിലും സാങ്കേതികമായി ഗവൺമെന്റിന്റെ നൂറുമേനി പട്ടികയിൽ വന്നില്ല. ഒന്നാം വർഷ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഒരു വിദ്യാർത്ഥി ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ടാം വർഷ പരീക്ഷയ്ക്ക് ഹാജരായില്ല. 2015-16 വർഷത്തിലും ഈ വിദ്യാലയത്തിന് 100 ശതമാനം വിജയം നേടാനായെങ്കിലും മുഴുവൻ വിഷയത്തിലും എ പ്ളസ് നേടിയ വിദ്യാർത്ഥിയുടെ ഫലം തടഞ്ഞു വച്ചതിനാൽ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. പിന്നീട് റിസൾട്ട് വന്നുവെങ്കിലുംനൂറ് ശതമാനം ലിസ്റ്റിൽ നിന്ന് പുറത്ത് തന്നെയായിരുന്നു ഈ വിദ്യാലയം.