പൊന്നാനി: അഴിമുഖത്ത് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കടൽ തൂക്കുപാലത്തിന് കിഫ്ബിയുടെ പച്ചക്കൊടി. തീരദേശ ഹൈവേയുടെ ഭാഗമായി തിരൂർ പടിഞ്ഞാറേക്കരയിൽ നിന്നും പൊന്നാനി വരെ നീളുന്ന 236 കോടി രൂപ അടങ്കൽ ചെലവു വരുന്ന ഹൗറാ മോഡൽ തൂക്കുപാലത്തിന് കിഫ്ബി അംഗീകാരം നൽകിയതായി അറിയുന്നു. ഭരണാനുമതിയും ലഭ്യമായി. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉത്തരവിറങ്ങിയിട്ടില്ല.
പദ്ധതി യാഥാർത്ഥ്യമാക്കാനായി മൂന്നു തവണ സ്പീക്കറുടെ ചേംബറിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഇ.പി. സി മാതൃകയിൽ ആഗോള ടെൻഡർ വിളിക്കാനാണ് തീരുമാനിച്ചിരുന്നത്. പദ്ധതി നടപ്പാക്കാനായി ആർ.ബി.ഡി.സി.കെയെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കൺസൾട്ടൻസി കമ്പനികൾക്ക് ആഗോള കരാർ വിളിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. ലോകപ്രശസ്തരായ ആറു കമ്പനികൾ ടെൻഡറിൽ യോഗ്യത നേടി. പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മുറയ്ക്ക് കൺസൾട്ടൻസി കരാർ ഒപ്പുവയ്ക്കും. കൺസൾട്ടന്റായി തിരഞ്ഞെടുക്കുന്ന കമ്പനി തയ്യാറാക്കുന്ന ഡിസൈനിന്റെയും ഡി.പി.ആറിന്റെയും അടിസ്ഥാനത്തിൽ ഒറ്റയടിക്ക് ഗ്ലോബൽ ടെൻഡർ വിളിച്ച് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിലുള്ള ഭരണാനുമതി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് ഇതുവരെ നടന്നിരുന്നത്.
കിഫ്ബി അടങ്കൽ തുക അനുവദിക്കാൻ തീരുമാനിച്ചതോടെ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇതോടനുബന്ധിച്ചുള്ള പുഴയോര പാതയായ കർമ്മ റോഡിന്റെ രണ്ടാം ഘട്ടമായ ഹാർബറിലേക്ക് നീളുന്ന പാലത്തിന്റെ ടെൻഡറും മെയ് 25 നകം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലം പണിയേണ്ട സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് റവന്യു, ഹാർബർ, പോർട്ട്, ധനകാര്യ വകുപ്പുകൾ തമ്മിലുണ്ടായിരുന്ന തർക്കങ്ങൾക്ക് വ്യക്തത വരുത്തി അന്തിമ തീരുമാനത്തിന് കാബിനറ്റിന് സമർപ്പിച്ചതായി അറിയുന്നു. തീരുമാനമെടുക്കുന്ന മുറയ്ക്ക് ആ പദ്ധതിയും യാഥാർത്ഥ്യമാകും.
സ്വപ്നപദ്ധതി
ബഡ്ജറ്റിൽ ഉൾക്കൊള്ളിക്കാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർദ്ദേശിച്ച സ്വപ്നപദ്ധതിയാണിത്.
പൊന്നാനി അഴിമുഖത്തിലൂടെ വരുന്ന ടൂറിസം സാദ്ധ്യതകളും ഡിസൈനിംഗിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു.
ഭാരതപ്പുഴ അറബിക്കടലുമായി ഒഴുകിച്ചേരുന്ന ചരിത്രപ്രസിദ്ധമായ സ്ഥലം കൂടിയാണിത്.