നിലമ്പൂർ: നിലമ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തുന്ന രാജ്യറാണി എക്സ്പ്രസ് വ്യാഴാഴ്ച മുതൽ സ്വതന്ത്ര സർവ്വീസ് തുടങ്ങും. കഴിഞ്ഞ ജനുവരിയിലാണ് രാജ്യറാണി സ്വതന്ത്ര സർവ്വീസ് ആക്കി റെയിൽവേ ഉത്തരവിറങ്ങിയത്. നിലമ്പൂരിൽ നിന്നും കൊച്ചുവേളി വരെയാണ് ട്രെയിൻ സർവ്വീസ് നടത്തുക.നേരത്തെ ഷൊർണൂരിൽ നിന്നും അമൃത എക്സ്പ്രസുമായി ചേർന്നാണ് രാജ്യറാണി സർവ്വീസ് നടത്തിയിരുന്നത്. ട്രെയിൻ നമ്പർ 16349 കൊച്ചുവേളിയിൽ നിന്നും രാത്രി 8.50 ന് പുറപ്പെട്ട് പിറ്റേന്ന് 7.50ന് നിലമ്പൂരിലെത്തും. ട്രെയിൻ നമ്പർ 16350 നിലമ്പൂരിൽ നിന്നും രാത്രി 8.50ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ ആറിന് കൊച്ചുവേളിയിലെത്തും. ഓരോ ടു ടയർ, ത്രീ ടയർ എ.സികോച്ചും ഏഴ് സ്ലീപ്പർ കോച്ചുകളും രണ്ട് ജനറൽ കോച്ചുകളും ഭിന്നശേഷിക്കാർക്കായുള്ള ഒരു കോച്ചും ഒരു ലഗ്ഗേജ് കം ബ്രേക്ക് വാൻകോച്ചും ഉൾപ്പെടെ 13 കോച്ചുകളാണ് സ്വതന്ത്ര രാജ്യറാണിക്കുണ്ടാവുക. ഏറെക്കാലത്തെ മുറവിളിക്കുശേഷമാണ് രാജ്യറാണി സ്വതന്ത്ര സർവ്വീസ് ആയി പ്രഖ്യാപിച്ചത്. അതു കൊണ്ടു തന്നെ പുതിയ സർവ്വീസിന് നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നല്കുന്നതിന് നിലമ്പൂർ മൈസൂർ റെയിൽവേ ആക്ഷൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് എട്ടിനാണ് സ്വീകരണം നല്കുന്നത്.