തേഞ്ഞിപ്പലം: പ്ലസ് ടു പരീക്ഷയിൽ രണ്ട് വിഷയത്തിൽ തോറ്റതിനെ തുടർന്ന്, പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. പള്ളിക്കൽ പരുത്തിക്കോട് അരക്കഞ്ചോല കുപ്പാടൻ സരോജിനിയുടെ മകൾ ശ്രീതു (17) ആണ് മരിച്ചത്. പരീക്ഷയിൽ രണ്ട് വിഷയങ്ങളിൽ പരാജയപ്പെട്ടതിലുണ്ടായ വിഷമത്താൽ തീകൊളുത്തുകയായിരുന്നുവെന്ന് വിദ്യാർത്ഥിനി ആശുപത്രിയിൽ മജിട്രേറ്റിന് മൊഴി നൽകിയതായി അറിയുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്തുനിന്ന് തീയുയരുന്നത് കണ്ട് സമീപവാസികൾ ചെന്നപ്പോഴാണ് പെൺകുട്ടിയുടെ ദേഹത്ത് തീപടർന്ന നിലയിൽ കണ്ടത്. മണ്ണെണ്ണയുടെ ഗന്ധവുമുണ്ടായിരുന്നു. ഉടനെ വെള്ളമൊഴിച്ച് തീകെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സംഭവ സമയം വീട്ടിൽ ചെറിയ രണ്ട് കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. ഇന്നലെ വൈകിട്ടോടെയാണ് മരണം. കോഹിനൂർ പ്രൊഫസേഴ്‌സ് കോളേജിലാണ് വിദ്യാർത്ഥിനി പഠിക്കുന്നത്. അമ്മയുടെ സംരക്ഷണത്തിലായിരുന്നു കുട്ടിയുടെ പഠനം. പിതാവ് രാമനാട്ടുര വൈദ്യരങ്ങാടി സ്വദേശി മേലേതൊടി ഉണ്ണികൃഷ്ണൻ ഓട്ടോ ഡ്രൈവറാണ്. ഇയാൾ രാമനാട്ടുകരയിലാണ് താമസം.
സഹോദരൻ ശ്രീനാഥ്.