മലപ്പുറം: ജില്ലയിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഏറെ മുൻപന്തിയിലുള്ളതാണെന്നും അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ ഓഫീസർമാരുടെ യോഗം വിലയിരുത്തി.
പ്രതിരോധ കുത്തിവയ്പ്പിനെതിരെയുള്ള വ്യാജപ്രചാരണങ്ങളെ ഫലപ്രദമായി നേരിട്ട് ജില്ലയിൽ 2017-18 കാലയളവിൽ 69,639 കുട്ടികൾ പ്രതിരോധ കുത്തിവയ്പ്പെടുത്തതായും യോഗം അറിയിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്തത് ഓമാനൂർ ബ്ലോക്കിലും കുറ്റിപ്പുറം,വളവന്നൂർ,വേങ്ങര,വെട്ടം ബ്ലോക്കുകളിലുമാണ്. കുഷ്ഠ രോഗ നിവാരണം, പകർച്ച വ്യാധി പ്രതിരോധം, ശിശു ആരോഗ്യം തുടങ്ങിയവ മേഖലകളിലെ പ്രവർത്തനവും അവലോകനം ചെയ്തു.
പകർച്ചവ്യാധി വ്യാപനം തടയാനായി ആവിഷ്കരിച്ച കർമ്മപദ്ധതി കൂടുതൽ കാര്യക്ഷമമാക്കാനും ഫലപ്രദമായി നടപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു. മേയ് 11, 12 തീയതികളിൽ ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത്, നഗരസഭ വാർഡുകളിലും ശുചീകരണ പ്രവർത്തനം നടത്തിയാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന, . ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മയിൽ, ഡോ. പി വിനോദ്, ഡോ. ഷിബുലാൽ എന്നിവർ പ്രസംഗിച്ചു.
ഇ- ഹെൽത്തിന് വേണം കൂടുതൽ ആരോഗ്യം
ഓരോ പൗരന്റെയും ആരോഗ്യ വിവരങ്ങൾ ഡിജിറ്റലാക്കി മാറ്റുന്ന ഇ-ഹെൽത്ത്, ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്ന കിരൺ സർവേ എന്നിവ കൂടുതൽ കാര്യക്ഷമമാക്കാൻ മെഡിക്കൽ ഓഫീസർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് രാജീവ് സദാനന്ദൻ അഭിപ്രായപ്പെട്ടു.
ആധുനിക വൈദ്യശാസ്ത്രമുപയോഗിച്ച് ആരോഗ്യസേവനം നടത്തുന്ന സ്ഥാപനങ്ങളെ കമ്പ്യൂട്ടർ ശൃംഖല വഴി ബന്ധിപ്പിച്ച് സാധാരണക്കാരായ ജനങ്ങൾക്കു കാര്യക്ഷമമായതും ദ്രുതഗതിയിലുള്ളതുമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇ-ഹെൽത്ത് പ്രോഗ്രാം ലക്ഷ്യമിടുന്നത്.
സംസ്ഥാന സർക്കാരിന്റെ നവകേരള മിഷനുമായി ബന്ധപ്പെട്ട ആർദ്രം പദ്ധതിയുടെ പ്രധാന സേവന വ്യവസ്ഥയിൽ ഒന്നാണ് ഇ ഹെൽത്ത്.