പെരിന്തൽമണ്ണ: 2.200 കിലോഗ്രാം കഞ്ചാവുമായിമദ്ധ്യവയസ്കനെ പെരിന്തൽമണ്ണ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മഞ്ചേരി കരുവമ്പ്രം ചെരണി സ്വദേശി കറുവത്തിൽ മൊയ്തീൻകുട്ടിയാണ്(56) അറസ്റ്റിലായത്. മുമ്പ് കഞ്ചാവ് കേസിൽ ഏഴ് വർഷം ജയിൽശിക്ഷ അനുഭവിച്ചയാളാണ് മൊയ്തീൻകുട്ടി. പെരിന്തൽമണ്ണയിലെ ചില്ലറ വിൽപ്പനക്കാർക്ക് വിതരണം ചെയ്യാനായി കമ്പം, തേനി ഭാഗങ്ങളിൽ നിന്നും കഞ്ചാവ് എത്തിക്കുന്നതിനിടയിലാണ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വച്ച്
ഇയാൾ പിടിയിലായത്. ഒരു കിലോ കഞ്ചാവ് 15,000 രൂപയ്ക്ക് വാങ്ങി 30,000 രൂപയ്ക്കാണ് പ്രതി ചെറുകിട കച്ചവടക്കാർക്ക് വിറ്റിരുന്നത്.
എക്സൈസ് ഇൻസ്പെക്ടർ എസ്. അനിർഷ, പ്രിവന്റീവ് ഓഫീസർമാരായ യു.കുഞ്ഞാലൻകുട്ടി, ഡി. ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സായിറാം, ലെനിൻ, മുഹമ്മദ് നൗഫൽ, മുഹമ്മദ് ഷഫീഖ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിന്ധു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.