പൊന്നാനി: പൊന്നാനി അഴിമുഖത്ത് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കടൽ തൂക്കുപാലത്തിന് കൺസൾട്ടന്റാകാൻ രംഗത്തുള്ളത് ആറ് അന്താരാഷ്ട്ര കമ്പനികൾ. അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ലൂയിസ് ബെഗർ കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്, മുംബൈ കേന്ദ്രമായ എസ്.ടി.യു.പി കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്, എൽ ആന്റ് ടി ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിംഗ് ലിമിറ്റഡ്, ടി.പി.എഫ് എൻജിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, സ്പെക്ട്രം ടെക്നോ കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്, സോയിൽ ലിമിറ്റഡ് എന്നീ കമ്പനികളാണ് ടെൻഡറിന് അപേക്ഷിച്ചിരിക്കുന്നത്.
കൂടുതൽ കമ്പനികൾ അപേക്ഷ നൽകിയിരുന്നെങ്കിലും ആറ് കമ്പനികളാണ് അർഹത നേടിയത്. അന്താരാഷ്ട്ര തലത്തിൽ മുപ്പത് മുതൽ അമ്പത് വർഷം വരെ പ്രവൃത്തി പരിചയമുള്ള കമ്പനികളാണിത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും വിവിധ രാജ്യങ്ങളിലും ഇവർക്ക് ഓഫീസുകളുണ്ട്. കൊൽക്കത്തയിലെ ഹൗറ പാലത്തിന്റെ മാതൃകയിലാണ് പൊന്നാനിയിലെ കടൽ പാലം ഉദ്ദേശിക്കുന്നത്. രാജ്യത്ത് കൊൽക്കത്തയിലും മുംബൈയിലുമാണ് പ്രധാന കടൽ പാലങ്ങളുള്ളത്. റോഡ്, ജല ഗതാഗതത്തിനും ടൂറിസത്തിനും ഒരു പോലെ സഹായകമാകുന്ന തരത്തിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്. കൺസൾട്ടന്റായി തിരഞ്ഞെടുക്കുന്ന കമ്പനി തയ്യാറാക്കുന്ന ഡിസൈനിന്റെയും ഡി.പി.ആറിന്റെയും അടിസ്ഥാനത്തിലായിരിക്കും ഗ്ലോബൽ ടെൻഡർ വിളിക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള നിർമ്മാണ കമ്പനിയെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിലുള്ള ഭരണാനുമതി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് ഇതുവരെ നടന്നിരുന്നത്. പെരുമാറ്റ ചട്ടത്തിന്റെ തടസ്സങ്ങൾ നീങ്ങുന്നതോടെ കൺസൾട്ടൻസി കരാർ ഒപ്പുവയ്ക്കും. ആറ് കമ്പനികളിൽ നിന്ന് ഒന്നിനെയായിരിക്കും കൺസൾട്ടൻസിയായി തിരഞ്ഞെടുക്കുക.
1400 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന തീരദേശപാതയ്ക്ക് ഗുണകരമാകുന്ന രീതിയിലായിരിക്കും കടൽ പാലത്തിന്റെ രൂപരേഖ തയാറാക്കുക. അഴിമുഖത്തിന് കുറുകെയായതിനാൽ വലിയ ബോട്ടുകൾക്കും ചെറിയ കപ്പലുകൾക്കും കടന്നുപോകാവുന്ന തരത്തിൽ സസ്പെൻഷൻ സംവിധാനമെന്ന ആശയവും ടൂറിസം സാദ്ധ്യതകളുംകൺസൾട്ടൻസി കമ്പനിക്ക് മുന്നിൽവയ്ക്കും. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഡി പി ആർ തയ്യാറാക്കുക.നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ കൺസൾട്ടൻസിയെ കണ്ടെത്തി കരാർ ഒപ്പുവയ്ക്കുന്നത് അടുത്ത മാസമുണ്ടാകും