doct
ഡോ. അജേഷ് രാജൻ

മലപ്പുറം: ഐ.സി.യുവോ സെൻട്രലൈസ്ഡ് ഓക്സിജൻ സംവിധാനമോ​ ബ്ലഡ് ബാങ്കോ​ അത്യാധുനിക ഉപകരണങ്ങളോ ഒന്നും തന്നെ മലപ്പുറം താലൂക്ക് ആശുപത്രിയിലില്ല. എന്നിട്ടും അടുത്തിടെ മാത്രം സങ്കീർണ്ണമായ 11 സ്തനാർബുദ ശസ്ത്രക്രിയകളാണ് ഏക സർജ്ജനായ ഡോ. അജേഷ് രാജന്റെ നേതൃത്വത്തിൽ വിജയകരമായി ചെയ്തത്. മൂന്നര മണിക്കൂർ വരെ നീളുന്ന ഏറെ സൂക്ഷ്മതയും ശ്രദ്ധയും വേണ്ട ശസ്ത്രക്രിയയാണിത്. സംവിധാനങ്ങളുണ്ടായിട്ടും രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് അയക്കുന്ന കാഴ്ച്ചകൾക്കിടയിൽ പ്രതീക്ഷയാവുകയാണ് മലപ്പുറം താലൂക്ക് ആശുപത്രിയും ഇവിടത്തെ ജീവനക്കാരും.

സ്വകാര്യ ആശുപത്രികളിൽ ഒന്ന് മുതൽ ഒന്നര ലക്ഷം രൂപ വരെ ഈടാക്കുന്ന സ്തനാർബുദ ശസ്ത്രക്രിയയാണ് ഇവിടെ തികച്ചും സൗജന്യമായി ചെയ്യുന്നത്. ശസ്ത്രക്രിയ ചെയ്ത 11 രോഗികളും തീർത്തും നിർധനരാണ്. രോഗം തിരിച്ചറിഞ്ഞതും ഡോ. അജേഷ് രാജനാണ്. മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ പോലും ആരുമില്ലാത്തവരും ആർ.സി.സിയിലോ,​ മെഡിക്കൽ കോളേജിലോ എത്താനുള്ള ശേഷി ഇല്ലാത്തവരുമായിരുന്നു ഇവർ. ഇവിടങ്ങളിലെത്തിയാലുള്ള തിരക്കുകളും കാലതാമസവും മറുവശത്ത്. രോഗികളുടെ വിഷമാവസ്ഥ മനസ്സിലാക്കിയാണ് ഡോ. അജേഷ് രാജൻ 2014ൽ ആദ്യമായി താലൂക്കാശുപത്രിയിൽ സ്തനാർബുദ ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകളും മറ്റും രോഗികളുടെ ആരോഗ്യ ഇൻഷ്വറൻസ് കാർഡ‌് വഴി ഉറപ്പാക്കിയതോടെ രോഗിക്ക് ചെലവുകളൊന്നുമില്ല. കഴിഞ്ഞ ദിവസം ഇന്ത്യന്നൂർ സ്വദേശിയായ 45കാരിയും ഇത്തരത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. മുഴുവൻ രോഗികളും കാൻസറിനെ അതിജീവിച്ചു മുന്നോട്ടുപോവുന്നതും ശസ്ത്രക്രിയയിലെ മികവ് വിളിച്ചോതുന്നു.

മികച്ചൊരു ടീം സജ്ജമാക്കാനായതും പഠനകാലയളവിലെ അനുഭവങ്ങളുമാണ് കരുത്തെന്ന് ഡോ. അജേഷ് രാജൻ പറയുന്നു. താൻ മരിച്ചു പോയാൽ പോലും തിരിഞ്ഞുനോക്കാൻ ആളുണ്ടാവില്ലെന്ന് രോഗി നിസ്സഹായതയോടെ പറയുമ്പോൾ പരിമിതമായ സൗകര്യങ്ങളിൽ എന്തെല്ലാം ചെയ്യാനാവുമെന്ന ആലോചനയാണ് ഇവിടെ വരെയെത്തിച്ചതെന്ന് ഡോ. അജേഷ് രാജൻ പറയുന്നു. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഓപ്പറേഷൻ സമയം. ബുധൻ,​ വെള്ളി ദിവസങ്ങളിൽ മാത്രം 30 പ്രധാന ശസ്ത്രക്രിയകളും ഇവിടെ നടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ അരലക്ഷം രൂപയിലധികം നൽകേണ്ടവയാണ് ഇതിൽ മിക്കതുമെന്നതാണ് ശ്രദ്ധേയം.