തവനൂർ: എട്ടുമാസത്തോളമായി തിരുനാവായ ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുഴയിൽ സ്ഥാപിച്ച കിണർ തുറന്നുകിടക്കുന്നു. പ്രളയ സമയത്ത് തിരുനാവായ പമ്പ് ഹൗസിന്റെ സമീപത്തുള്ള കിണറിന്റെ രണ്ട് സ്ളാബുകൾ തകർന്നിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും സ്ളാബ് പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. നിലവിൽ പുഴയിൽ നാമമാത്രമായ വെള്ളമേയുള്ളുവെങ്കിലും കിണറിന് സമീപം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ആശങ്കയുയർത്തുന്നുണ്ട്. മാത്രമല്ല, മഴപെയ്താൽ പുഴയിലെ വെള്ളം കിണറിനെ മൂടും. അഞ്ചു പഞ്ചായത്തുകളിലായി 15,000ത്തിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിക്കാണ് ഈ ദുരവസ്ഥ. കിണറിൽ നിന്ന് പമ്പു ചെയ്യുന്ന വെള്ളം ശുദ്ധീകരിക്കാതെയാണ് വിതരണം ചെയ്യുന്നത്.
കാലപ്പഴക്കം കാരണം ദ്രവിച്ച സ്ളാബുകൾ പ്രളയം വന്നപ്പോൾ ഒലിച്ചുപോയിരുന്നു. തുടർന്ന് പുഴവെള്ളം കൂടിക്കലർന്ന നിലയിലാണ് കിണറിൽ നിന്ന് വെള്ളം വിതരണം ചെയ്തിരുന്നത്. ഇപ്പോൾ പുഴയിൽ വെള്ളമില്ലാത്തതിനാൽ പുഴവെള്ളം കിണറിൽ നേരിട്ട് കലരുന്നില്ല. എന്നാൽ കിണറുള്ള പ്രദേശം മാലിന്യം നിറഞ്ഞ് നിൽക്കുകയാണ്. ഇത് മലിനീകരണ ഭീഷണി ഉയർത്തുന്നുണ്ട്. മാത്രമല്ല, മഴക്കാലം തുടങ്ങിയാൽ പുഴയിൽ വെള്ളം കൂടി പുഴവെള്ളവുമായി നേരിട്ട് കൂടിക്കലരും.
മുൻവർഷങ്ങളിൽ കോളറ പിടിമുറുക്കിയ പ്രദേശമാണ് കുറ്റിപ്പുറം. കിണറുകളിലെ വെള്ളത്തിൽ കോളറ ബാക്ടീരിയ കണ്ടെത്തിയിരുന്നു. കോളറ ബാധിച്ച് ഏതാനും മരണങ്ങളുമുണ്ടായിരുന്നു. തിരുനാവായ, കൽപ്പകഞ്ചേരി, വളവന്നൂർ, മാറാക്കര, ആതവനാട് തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളാണ് തിരുനാവായ പദ്ധതിയെ ആശ്രയിക്കുന്നത്. സ്ലാബ് നന്നാക്കാതെ കിടക്കുന്നതിനാൽ ഇവിടത്തെ കുടുംബങ്ങൾ വളരെ ആശങ്കയിലാണ്.