പെരിന്തൽമണ്ണ: നഗരത്തിൽ ദേശീയപാത നവീകരണത്തിന്റെ ഭാഗമായുണ്ടായ അപ്രഖ്യാപിത ഗതാഗത നിയന്ത്രണം ഇന്നലെ ജനങ്ങളെയും യാത്രക്കാരെയും ഒരു പോലെ വലച്ചു. രാവിലെ മുതൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട ഗതാഗത നിയന്ത്രണത്തിന്റെ അറിയിപ്പ് ആരും കാര്യമായെടുത്തില്ല. സാധാരണ ഗതാഗത നിയന്ത്രണം പത്ര, ദൃശ്യ മാദ്ധ്യമങ്ങളിലൂടെ മുൻകൂട്ടി അറിയിക്കാറുള്ളതാണ്. എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള ഗതാഗത നിയന്ത്രണവും മണ്ണുമാന്തിയന്ത്രം, ടിപ്പർ എന്നിവ ഉപയോഗിച്ചുള്ള പ്രവൃത്തികളും വാഹനയാത്രക്കാരെയും നഗരത്തിലെ വ്യാപാരികളെയും സാരമായി ബാധിച്ചു. വേണ്ടത്ര മുന്നറിയിപ്പ് നൽകാതെ പെരിന്തൽമണ്ണ പോലെ തിരക്കാർന്ന ടൗണിൽ ഇത്തരം നവീകരണ പ്രവർത്തനം നടത്തുമ്പോൾ സ്വീകരിക്കേണ്ട കാര്യങ്ങളിൽ ഉണ്ടായ വീഴ്ചയിൽ വൻ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നു വരുന്നത്.